കൊല്ലം: പ്ലസ് ടുവിന് ഫുൾ എ പ്ലസ് വാങ്ങിയ മകൾക്ക് സമ്മാനവുമായി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിനെ ദുരന്തം കവർന്നത്. ഭാര്യക്കും രണ്ട് പെൺമക്കൾക്കും പ്രായമായ അപ്പച്ചനും അമ്മച്ചിക്കും ആകെ ആശ്രയം അവരുടെ സ്വന്തം ലൂക്കോച്ചനായിരുന്നു. തങ്ങളുടെ കുടുംബനാഥനെ തീ കവർന്നെന്ന് ഇതുവരെ കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിലാണ് കൊല്ലം വെളിച്ചിക്കാല സ്വദേശി വടകോട്ട് വിളയിൽ ലൂക്കോസ് (48) എന്ന സാബുവിന് ജീവൻ നഷ്ടപ്പെട്ടത്.
പതിനെട്ടു വർഷമായി ലൂക്കോസ് പ്രവാസിയാണ്. പ്രവാസ ജീവിതത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഭാര്യ ഷൈനി കുടുംബം നോക്കുന്നത്. കഴിഞ്ഞ വർഷം നാട്ടിൽ വന്ന് മടങ്ങിയ അദ്ദേഹം മകൾ ലിഡിയ പ്ലസ്ടുവിന് ഉന്നതവിജയം നേടിയതറിഞ്ഞ് അവൾക്കൊരു സമ്മാനവും വാങ്ങി വച്ച് അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
ദിവസവും പത്തിലേറെ തവണ വീട്ടിലേക്ക് വിളിക്കുന്ന ലൂക്കോസിന്റെ കോൾ കാണാതായതോടെ കുവൈറ്റിലെ സുഹൃത്തുക്കളോട് ബന്ധുക്കൾ വിവരം തിരക്കുകയായിരുന്നു. തുടർന്നാണ് അപകടം നടന്നത് കുടുംബം അറിയുന്നത്. തീപിടിത്തമുണ്ടായ ഫ്ലാറ്റിലെ സ്റ്റെയറിനടിയിൽ നിന്നാണ് ലൂക്കോസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് തങ്ങളുടെ ലൂക്കോച്ചന് അന്ത്യചുംബനം നൽകി യാത്രയാക്കാൻ കാത്തിരിക്കുകയാണ് കുടുംബം.