പ്രതിയാക്കണമെന്ന് പറഞ്ഞിട്ടില്ല, കാന്തപുരത്തിന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല: എം എന് കാരശ്ശേരി

'മരിച്ചുപോയ ചേകന്നൂരിന്റെ നീതിക്ക് വേണ്ടിയാണ് ഞാന് പൊരുതിയത്. അതൊരു ജനാധിപത്യ അവകാശമാണ്'

dot image

മലപ്പുറം: ചേകന്നൂര് മൗലവി കേസുമായി ബന്ധപ്പെട്ടുള്ള കാന്തപുരം എ പി അബൂബക്കര് മുസലിയാരുടെ വാക്കുകള് തള്ളി സാമൂഹിക പ്രവര്ത്തകനും എഴുത്തുകാരനുമായ എം എന് കാരശ്ശേരി. ചേകന്നൂര് മൗലവി കേസില് പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തന്റെ പ്രവര്ത്തനമെന്നും ഒരിടത്തും കാന്തപുരത്തിന്റെ പേര് പരാമര്ശിച്ചിട്ടില്ലെന്നും എം എന് കാരശ്ശേരി റിപ്പോര്ട്ടറിനോട് പറഞ്ഞു. കാന്തപുരത്തെ പ്രതികയാക്കണമെന്ന് താന് പറഞ്ഞിട്ടില്ല, കാന്തപുരത്തോട് തനിക്കൊരു വിരോധവുമില്ലെന്നും എം എന് കാരശ്ശേരി വ്യക്തമാക്കി.

വിശ്വാസപൂര്വ്വം എന്ന ആത്മകഥയിലാണ് ചേകന്നൂര് മൗലവി തിരോധാന കേസുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാമര്ശമുള്ളത്. തന്നെ ലക്ഷ്യം വെച്ച് ലേഖനങ്ങള് എഴുതിയ എം എന് കാരശ്ശേരി ചേകന്നൂരിനെ കൊല്ലുമെന്ന് പറഞ്ഞവരെ കുറിച്ച് മിണ്ടിയില്ലെന്നായിരുന്നു പരാമര്ശം. സിബിഐ സ്പെഷ്യല് ജഡ്ജിയായിരിക്കെ ജസ്റ്റിസ് കെമാല് പാഷ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കാന്തപുരത്തിന്റെ ആത്മകഥയിലുണ്ട്. ചേകന്നൂര് മൗലവി തിരോധാന കേസില് തന്നെ പ്രതിയാക്കാന് ഗൂഢാലോചന നടന്നു. തന്നെയും തന്റെ പ്രസ്ഥാനത്തെയും ഇല്ലാതാക്കാനാണ് ചിലര് ശ്രമിച്ചതെന്നും കാന്തപുരം ആരോപിച്ചു.

കാന്തപുരത്തിന്റെ ആരോപണം അവാസ്തവമാണെന്നാണ് ജസ്റ്റിസ് കെമാല് പാഷ പ്രതികരിച്ചത്. മൗലവി കേസില് ഗൂഢാലോചന നടത്തേണ്ട ആവശ്യം തനിക്കില്ല. ചേകന്നൂര് മൗലവിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ പ്രതി ചേര്ത്ത് ഉത്തരവിട്ടത്. അത് റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി തെറ്റായിരുന്നു. തന്റെ നിരീക്ഷണം ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് വിധിച്ചുവെന്നും കെമാല് പാഷ പ്രതികരിച്ചിരുന്നു.

ചേകന്നൂർ മൗലവി കേസിൽ പ്രതിയാക്കാൻ ശ്രമിച്ചു; ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ കാന്തപുരം

കാരശ്ശേരിയുടെ വാക്കുകള്;

ആ സംഭവവുമായി ബന്ധപ്പെട്ട് ഞാന് ധാരാളം പ്രവര്ത്തിച്ചിട്ടുണ്ട്. ചേകന്നൂര് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഞാന് ജോലി ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഭാഷാപോഷിണിയില് ലേഖനമൊക്കെ എഴുതിയിരുന്നു. പലയിടത്തും അതേ കുറിച്ച് സംസാരിച്ചിരുന്നു. എന്റെ ഓര്മ്മ ശരിയാണെങ്കില് 17 കൊല്ലം ആ കേസ് നടന്നു. അതിന്റെ പ്രധാനപ്രവര്ത്തകനും ലേഖനങ്ങള് അധികം എഴുതിയതും ഞാന് തന്നെയായിരുന്നു. എന്നാല് അതില് ഒരിക്കലും കാന്തപുരം എ പി അബൂബക്കര് മുസലിയാരെ പ്രതിയാക്കണം എന്ന് ഞാന് പറയുകയോ ഭാവിക്കുകയോ ചെയ്തിട്ടില്ല. അതിലെ പ്രതികള് ആരാണ് എന്ന് അറിയില്ല എന്നാണ് ഞാന് പറഞ്ഞത്.

ഒരു ഘട്ടം കഴിഞ്ഞപ്പോള് സിബിഐ എന്നെ വിചാരണ ചെയ്തിരുന്നു. പ്രതികളെ കണ്ടെത്തണം എന്നാണ് ഞാന് പറഞ്ഞത്. കേസില് പ്രതികളെ പിടികൂടാന് പ്രവര്ത്തിച്ചിട്ടുണ്ട്. ഞാന് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അനുയായി ആയിരുന്നില്ല. മരിച്ചുപോയ ചേകന്നൂരിന്റെ നീതിക്ക് വേണ്ടിയാണ് ഞാന് പൊരുതിയത്. അതൊരു ജനാധിപത്യ അവകാശമാണ്. അതൊരു പൗരാവകാശ പ്രശ്നമായാണ് ഞാന് കണ്ടത്. അന്നോ ഇന്നോ കാന്തപുരത്തിനോട് എനിക്കൊരു വിരോധവുമില്ല. ഞങ്ങള് തമ്മില് പരിചയപ്പെട്ടിട്ടുണ്ടെന്നല്ലാതെ നല്ലതോ ചീത്തയോ ആയ ഒരു ബന്ധവും ഞങ്ങള് തമ്മിലില്ല.

ചേകന്നൂര് മൗലവി കേസില് അറസ്റ്റ് ചെയ്യപ്പെട്ട 12 പേരും കാന്തപുരത്തിന്റെ മര്കസുമായി കൂടിയ അളവിലോ കുറഞ്ഞ അളവിലോ ബന്ധമുള്ള ആളുകളായിരുന്നു. കാന്തപുരത്തിന്റെ പേര് ഞാന് എവിടെയും പറഞ്ഞിട്ടില്ല. കേസില് 34 സാക്ഷികളുണ്ടായിരുന്നു എന്നാണ് ഓര്മ്മ. അതില് രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കൂറുമാറി. സാക്ഷി കൂറുമാറിയാല് കേസ് രക്ഷിക്കാന് കഴിയില്ലല്ലോ. എന്നിട്ടും ഒരാളെ ശിക്ഷിച്ചു. നമുക്ക് ചെയ്യാന് പറ്റുന്നതൊക്കെ ചെയ്തിരുന്നു.

നിയമസഭയില് ഈ കേസ് ഒരിക്കലും വന്നിട്ടില്ല. 20 വര്ഷത്തോളം സമരം നടന്നിട്ടും, കേരള നിയമസഭയില് ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഒരു മെമ്പറും വിഷയം ഉന്നയിച്ചിട്ടില്ല. വോട്ട് ബാങ്കിനെ പേടിച്ചാണ് ഇത്. ഞാനന്ന് നൂറ് കത്തെഴുതിയതാണ്, ആദ്യത്തേത് ഇഎംഎസ്സിനാണ്, വിഎസ്, ഇടി മുഹമ്മദ് ബഷീര് തുടങ്ങിയവര്ക്കും കത്തെഴുതിയിരുന്നു. ഇഎംഎസ്സാണ് ആകെ മറുപടി എഴുതിയത്. എന്നാല് ഇഎംഎസ് ഇതേകുറിച്ച് ഒരു ലേഖനം എഴുതിയിട്ടില്ല, ഒരു പ്രസംഗത്തിലും ഇതേ കുറിച്ച് പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്ട്ടിയുടെയും പിന്തുണ ഞങ്ങളുടെ സമരത്തിന് ലഭിച്ചിരുന്നില്ല.

കാന്തപുരത്തിൻ്റെ ആരോപണങ്ങൾ അവാസ്തവം: ജസ്റ്റിസ് കെമാൽ പാഷ
dot image
To advertise here,contact us
dot image