കൊച്ചി: തെക്കന് കുവൈറ്റിലെ മംഗഫില് കെട്ടിടം തീപിടിച്ചുണ്ടായ അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇതില് 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു.
25 മലയാളികള് മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര് വിവിധ ആശുപത്രികളില് ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില് കഴിയുന്നതില് കൂടുതല് പേരും മലയാളികളാണെന്നും അജിത്ത് കോളശ്ശേരി വ്യക്തമാക്കി.
തിരിച്ചറിഞ്ഞ മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് ശ്രമം നടക്കുകയാണ്. പോസ്റ്റ്മോര്ട്ടം, എംബാം നടപടികളാണ് പുരോഗമിക്കുന്നത്. കുവൈറ്റ് സര്ക്കാര് മൃതദേഹങ്ങള് നാട്ടിലെത്തിക്കുമെന്നാണ് സൂചന. ആംബുലന്സുകള് സജ്ജമാക്കിയിട്ടുണ്ടെന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള് നാട്ടില് എത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് രാത്രി തന്നെ മൃതദേഹങ്ങളുമായി വിമാനം പുറപ്പെടാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകേരള സഭയുടെ ശക്തിയാണ് കുവൈറ്റിലെ ഹെല്പ്പ് ഡെസ്ക്. അപകട വിവരം അറിഞ്ഞ് ഒരു മണിക്കൂറിനകം ഹെല്പ്പ് ഡെസ്ക് സജ്ജമായെന്നും അജിത് കോളശ്ശേരി ചൂണ്ടിക്കാട്ടി.
തെക്കന് കുവൈറ്റിലെ മംഗഫിലാണ് കമ്പനി ജീവനക്കാര് താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ആറു നിലകെട്ടിടത്തിന്റെ താഴെയുള്ള നിലയില് നിന്നാണ് തീ പടര്ന്നത്. ഷോര്ട്ട് സര്ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ഓളം ഗ്യാസ് സിലിണ്ടറുകള് പൊട്ടിത്തെറിച്ച് തീ വ്യാപിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികള് ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തം. അതാണ് മരണസംഖ്യ ഉയരാന് കാരണമായത്. പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില് നിന്ന് ചാടുകയായിരുന്നു. വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്.
കുവൈറ്റിലെ തീപിടിത്തം; മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് കമ്പനി