പത്തനംതിട്ട: ആഗസ്റ്റ് 18ന് കുഞ്ഞിന്റെ ഒന്നാം പിറന്നാള് ആഘോഷിക്കാന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു പത്തനംതിട്ട കോഴഞ്ചേരി കീഴ്വായ്പൂര് സ്വദേശി സിബിന് ടി എബ്രഹാം. അന്തിയുറങ്ങുന്ന കുവൈറ്റിലെ കെട്ടിടത്തിലെ മുറി തീഗോളമാകുന്നതിന് മണിക്കൂറുകള്ക്ക് മുമ്പ് ഭാര്യയുമായി ഒന്നരമണിക്കൂറോളം സിബിന് ഫോണില് സംസാരിച്ചിരുന്നു. പിന്നീട് ഉറ്റവരെ തേടിയെത്തിയത് ഹൃദയഭേദകമായ വാര്ത്തയായിരുന്നു.
അച്ഛന് എബ്രഹാമിന് മകന്റെ വിയോഗ വാര്ത്ത ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ആശ്വസിപ്പിക്കാനെത്തുന്ന ബന്ധുക്കളോട് വിഷമം ഉള്ളിലൊതുക്കി മറുപടി പറയവെ പലപ്പോഴും ആ കണ്ണുകള് ഈറനണിഞ്ഞു. ജോലി ചെയ്തിരുന്ന കുവൈറ്റിലെ അതേ കമ്പനിയില് തന്നെ മകനും ജോലി ലഭിച്ചപ്പോള് എബ്രഹാം ഏറെ സന്തോഷിച്ചിരുന്നു.
താന് കിടന്നുറങ്ങിയിരുന്ന കുവൈറ്റിലെ അതേ മുറിയില് തന്നെയായിരുന്നു മകനും കഴിഞ്ഞിരുന്നത്. ആ കെട്ടിടം അപ്പാടെ തീ വിഴുങ്ങിയപ്പോള് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള് കൂടിയാണ് ഇല്ലാതായത്. കെട്ടിടത്തിന് തീ പിടിച്ചതും അനേകം പേരുടെ ജീവിതം പൊലിഞ്ഞതും ഈ പിതാവ് അറിഞ്ഞിരുന്നു. മകന് രക്ഷപ്പെട്ടിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു എബ്രഹാം. എന്നാല് ഈ പ്രതീക്ഷകളെ ഇല്ലാതാക്കിയാണ് മരിച്ചവരില് തന്റെ മകനുമുണ്ടെന്ന വാര്ത്ത ഈ അച്ഛനെ തേടിയെത്തിയത്.
കുവൈറ്റ് തീപിടിത്തം: തിരിച്ചറിഞ്ഞ മലയാളികളുടെ മൃതദേഹങ്ങള് പ്രത്യേക വിമാനത്തില് നാട്ടിലെത്തിക്കും