'മുസ്ലിം പ്രീണനപരാമർശം', വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം; വിമർശനവുമായി കാന്തപുരം വിഭാഗം

ഇടത് സര്ക്കാറിന്റെ നവോത്ഥാന സമിതിയില് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നുമാണ് സിറാജ് മുഖപ്രസംഗത്തിൽ പറയുന്നത്

dot image

കോഴിക്കോട്: എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗത്തിന്റെ ആവശ്യം. മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. വെള്ളാപ്പള്ളി നടേശൻ്റേത് മുസ്ലിം പ്രീണന പരാമർശമായിരുന്നു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ്. വിഷയം നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. ഇടത് സര്ക്കാറിന്റെ നവോത്ഥാന സമിതിയില് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നാണ് സിറാജ് മുഖപ്രസംഗത്തിൽ പറയുന്നത്. 'വെള്ളാപ്പള്ളിയുടെ വ്യാജങ്ങൾ' എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിനെതിരെ പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ കുറിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പിണറായി സര്ക്കാര് മുസ്ലിംകള്ക്ക് അനര്ഹമായ എന്തെല്ലാമോ വാരിക്കോരി നല്കുന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. കേരളത്തില് നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള് ന്യൂനപക്ഷ സമുദായങ്ങള്ക്ക് നല്കിയെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു.

'സംസ്ഥാന സര്ക്കാരിന് ഇക്കാര്യത്തില് ചിലത് ചെയ്യാനുണ്ട്. ജനങ്ങൾ ക്കിടയില് വര്ഗീയത വളര്ത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്. അത് നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം. പൊലീസ് വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം. ഇടതുപക്ഷ സര്ക്കാറിന്റെ നവോത്ഥാന സമിതിയില് നിന്നുള്പ്പെടെ അദ്ദേഹത്തെ പുറത്താക്കാനും തയ്യാറാകണം. ജനാധിപത്യത്തെ സംരക്ഷിക്കാന് കേരളത്തിന് ഒരു വെള്ളാപ്പള്ളിയുടെ ആവശ്യമില്ല' പത്രത്തിൽ പറയുന്നു.

കേരളത്തിലെ മുസ്ലിം സമുദായം ഇന്നെത്തിനിൽക്കുന്ന അന്തസ്സാർന്ന നില തനിയെ ഉണ്ടായതല്ലെന്നും സമുദായവും അവർക്കിടയിലെ സംഘടനകളും നന്നായി അധ്വാനിച്ചു തന്നെ സാധ്യമായതാണെന്നും പത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. മന്ത്രിമാരെ വഴിയിൽ തടഞ്ഞുവെച്ചോ സമുദായത്തിന്റെ അംഗബലം കാട്ടിയോ ഭരണകൂടത്തെ വിരട്ടിയോ മുസ്ലിമുകൾ ഒന്നും നേടിയിട്ടില്ലെന്നും ലേഖനത്തിലുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ രൂപവത്കൃതമായ ഒരു സംഘടനയുടെ തലപ്പത്ത് ഇരുന്നുകൊണ്ടാണ് വെള്ളാപ്പള്ളി അന്യായ പ്രസ്താവനകൾ നടത്തിയതെന്ന് സിറാജ് മുഖപ്രസംഗത്തിൽ വിമർശിച്ചു. 'ന്യൂനപക്ഷ വിരോധം ഉള്ളിൽ പേറുന്ന ആളാണ് വെള്ളാപ്പള്ളിയെന്നുള്ളത് പുതിയ അറിവല്ല. മനസ് ബിജെപിയ്ക്ക് ഒപ്പമായിരിക്കുമ്പോഴും കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികളോട് ഒട്ടിനിന്ന് വ്യക്തിപരമായും സംഘടനാപരമായും കിട്ടേണ്ടതെല്ലാം നേടിയെടുത്ത ശേഷമാണ് വെള്ളാപ്പള്ളി പരമാർശം നടത്തിയത്. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയുണ്ടാക്കി മകനെ ബിജെപിയുടെ കൂടെ പറഞ്ഞുവിട്ട ശേഷവും മതേതര മുന്നണികളുടെ ഉപ്പും ചോറും വാങ്ങിത്തിന്നാൻ മടിയുണ്ടായിട്ടില്ല'- ലേഖനത്തില് പറയുന്നു.

അർഹമായത് തന്നെ മുസ്ലിം സമുദായത്തിന് ലഭിച്ചിട്ടില്ലെന്നും പത്രത്തിൽ പരാമർശിക്കുന്നുണ്ട്. നരേന്ദ്രന് കമ്മീഷന് -പാലൊളി കമ്മിറ്റി റിപോര്ട്ടുകള്, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം, അനവധി സര്ക്കാര് രേഖകള്, നിയമസഭയിലെ മറുപടികള് ഇതെല്ലാം ഇക്കാര്യം ഊന്നിപ്പറയുന്നുണ്ടെന്നും പത്രം വ്യക്തമാക്കി. എന്നിട്ടും വെള്ളാപ്പള്ളി പറയുന്നത് മുസ്ലിം സമുദായത്തിന് സര്ക്കാര് വാരിക്കോരി കൊടുക്കുന്നുവെന്നാണ്. മുസ്ലിംകള്ക്ക് എന്ത് കിട്ടി, എത്ര കിട്ടി? അതില് അര്ഹമായത് എത്ര, അനര്ഹമായത് എത്ര? രേഖകള് വെച്ച് സംവദിക്കാന് വെള്ളാപ്പള്ളി തയ്യാറാകണമെന്നും പത്രം ആവശ്യപ്പെട്ടു.

ജനം സത്യമറിയട്ടെ. അത് അവരുടെ അവകാശമാണല്ലോയെന്നും പത്രത്തിൽ ചോദ്യം ഉയർന്നു. കേരള ജനസംഖ്യയുടെ ഏതാണ്ട് 27 ശതമാനം ആണ് മുസ്ലിംകള്. അധികാരത്തില്, അവസരത്തില്, തൊഴിലില്, പാര്ട്ടി പദവികളില്, സാമൂഹിക നീതിയില്-സമുദായം അര്ഹിക്കുന്ന അനുപാതത്തില് പങ്കാളിത്തം കിട്ടിയ ഒരു മേഖലയുമില്ലെന്നും സിറാജ് പത്രത്തിൽ കുറിച്ചു. കൈയിലുള്ളത് നഷ്ടപ്പെട്ട അനുഭവം പറയാനുമുണ്ടെന്ന് കാന്തപുരത്തിൻ്റെ പത്രം പറയുന്നു. കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തില് സവര്ണ സംവരണം നടപ്പാക്കിയപ്പോള് നഷ്ടം സംഭവിച്ചത് മുസ്ലിംകള്ക്കാണ്. ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ ഇവിടെയൊന്നും സമുദായത്തിന് അര്ഹമായ പ്രാതിനിധ്യം ഇന്നോളം കിട്ടിയിട്ടില്ല. അത് ചോദിക്കുന്നവരെ വര്ഗീയമായി ചാപ്പയടിക്കാനാണ് പലരും ഉദ്യമിച്ചതെന്നും പത്രം കുറ്റപ്പെടുത്തി. ജാതിയും മതവും നോക്കി സീറ്റുകള് വീതം വെക്കുന്ന പാര്ട്ടികള്ക്ക് പോലും മുസ്ലിംകളുടെ കാര്യത്തില് നിഷേധ നിലപാടാണെന്നും പത്രത്തിൽ പറയുന്നു.

കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; നാല് പത്തനംതിട്ട സ്വദേശികൾ

കേരളത്തില് നിന്ന് ഇത്തവണ ലോക്സഭയിലേക്ക് പോകുന്നത് ലീഗിന്റേത് ഉള്പ്പെടെ മൂന്ന് മുസ്ലിംകളാണ്. നായര് സമുദായത്തില് നിന്ന് സുരേഷ് ഗോപി ഉള്പ്പെടെ ഏഴ് പേരുണ്ട്. ക്രിസ്ത്യന് സമുദായത്തില് നിന്ന് അഞ്ച് പേര്, ഈഴവ സമുദായത്തില് നിന്ന് രണ്ട് പേര്. ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസ്സിന് ഏറ്റവും വലിയ പിന്തുണ നല്കിയത് മുസ്ലിം സമുദായമാണെന്നും പത്രം വ്യക്തമാക്കി.

dot image
To advertise here,contact us
dot image