ഇനി ആരോഗ്യമന്ത്രി പോയിട്ട് എന്തുകാര്യം? സര്ക്കാരിന് ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല

'ഈ സര്ക്കാര് ദുരന്തങ്ങളെ പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്'

dot image

തിരുവനന്തപുരം: കുവൈറ്റില് ദുരന്ത സ്ഥലത്ത് കേരള സര്ക്കാര് പ്രതിനിധിയെ ഉചിതമായ സമയത്ത് അയക്കുന്നതില് സര്ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയക്കുന്നതെന്ന് മനസിലാകുന്നില്ല. ദുരന്ത സ്ഥലത്ത് ഇനിയെത്തിയിട്ട് എന്ത് കാര്യമെന്നും ചെന്നിത്തല ചോദിച്ചു.

'ഈ സര്ക്കാര് ദുരന്തങ്ങളെ പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കൊവിഡ് സമയത്ത് പ്രവാസികളെ കൊണ്ട് വരുന്ന കാര്യത്തിലെ സര്ക്കാര് തീരുമാനം വൈകിയതിലും കൊവിഡ് പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ അന്തിപ്പത്ര സമ്മേളനത്തിലെ പരാമര്ശത്തിലും പ്രവാസികളുടെ പ്രതിഷേധം നമ്മള് കണ്ടതാണ്.

പ്രവാസികളുടെ പ്രശ്നം ചര്ച്ച ചെയ്യുന്ന വേളയിലാണ് സര്ക്കാരിന്റെ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയ ദുരിതമുണ്ടായിട്ടും ലോക കേരള സഭ തത്കാലത്തേക്കെങ്കിലും മാറ്റി വെക്കാതെ നടത്തിയത് മരിച്ചവരോടും അവരുടെ കുടുംബത്തോടും പ്രവാസികളോടുമുള്ള അവഗണന എന്നല്ലാതെ എന്ത് പറയാനാണ്. എല്ലാം കഴിഞ്ഞ് മൃതദേഹങ്ങള് നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില് സര്ക്കാര് പ്രതിനിധി കുവൈറ്റിലെത്തിയിട്ട് എന്ത് കാര്യം. ഈ സര്ക്കാരിന് വൈകിയാണ് ബുദ്ധിയുദിക്കുന്നത്', ചെന്നിത്തല ആരോപിച്ചു.

തെക്കന് കുവൈറ്റിലെ മംഗഫില് കമ്പനി ജീവനക്കാര് താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റ് കാബിനില് നിന്നാണ് തീ പടര്ന്നതെന്നാണ് വിവരം. ഇത് ഷോര്ട്ട് സര്ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുകയായിരുന്നു.

അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില് 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള് മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര് വിവിധ ആശുപത്രികളില് ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില് കഴിയുന്നതില് കൂടുതല് പേരും മലയാളികളാണ്.

തിരിച്ചറിഞ്ഞ മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് ശ്രമം നടക്കുകയാണ്. പോസ്റ്റ്മോര്ട്ടം, എംബാം നടപടികളാണ് പുരോഗമിക്കുന്നത്. കുവൈറ്റ് സര്ക്കാര് മൃതദേഹങ്ങള് നാട്ടിലെത്തിക്കുമെന്നാണ് സൂചന. ആംബുലന്സുകള് സജ്ജമാക്കിയിട്ടുണ്ടെന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള് നാട്ടില് എത്തിക്കുകയെന്നും നോര്ക്ക റൂട്സ് വ്യക്തമാക്കിയിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള് കേരളിത്തിലെത്തിച്ചാലുടന് വിമാനത്താവളത്തില് നിന്ന് പ്രത്യേക ആംബുലന്സുകളില് വീടുകളിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങള് അടിയന്തരമായി പൂര്ത്തിയാക്കാന് മുഖ്യമന്ത്രി നോര്ക്കയ്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.

മൃതദേഹങ്ങള് നാട്ടില്ലെത്തിക്കുന്നതിനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്ര വീണ ജോര്ജും അറിയിച്ചു. ഇന്നു തന്നെ മൃതദേഹങ്ങളുമായി വിമാനം പുറപ്പെടും. 22 മൃതദേഹങ്ങള് കൊണ്ടുവരും. കൂട്ടത്തില് ഒരു മൃതദേഹം കൂടി കൊണ്ടുവരാന് ശ്രമിക്കുന്നുണ്ട്. കൊച്ചിയില് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയില് നോര്ക്ക ആംബുലന്സുകള് ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള് അതാത് ഇടങ്ങളില് എത്തിക്കും. പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് കുവൈറ്റിലേക്ക് പോകുന്നത്. ഇവിടെയുള്ള ക്രമീകരണങ്ങള് പൂര്ത്തിയായി. 25 ആംബുലന്സുകള് തയ്യാറാക്കിയിട്ടുണ്ട്. 30 മലയാളികള് ചികിത്സയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us