'ഭാര്യാപിതാവിന്റെ ഫോൺ ഉപയോഗിച്ചിട്ടില്ല'; ബാർകോഴ വിവാദത്തിൽ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു

മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം ക്രൈം ബ്രാഞ്ച് സംഘം മടങ്ങി.

dot image

കൊച്ചി: ബാർ കോഴ വിവാദത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായതിനാലാണ് അർജുൻ്റെ മൊഴിയെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. മൊഴിയെടുക്കൽ ഒന്നേകാൽ മണിക്കൂർ നീണ്ടു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് താൻ മറുപടി നൽകിയെന്ന് അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. അവർ തൃപ്തിയോടെയാണ് മടങ്ങിയത് എന്ന് തോന്നുന്നു. താൻ ബാറുടമകളുടെ ഗ്രൂപ്പിൽ ഇല്ല. ക്രൈം ബ്രാഞ്ചിന് ചില കാര്യങ്ങളിൽ വ്യക്തത വേണ്ടിയിരുന്നു. ആ ചോദ്യങ്ങൾക്ക് ഉത്തരവാദപ്പെട്ട പൗരൻ എന്ന നിലയ്ക്കുള്ള മറുപടി താൻ നൽകി. ഭാര്യാപിതാവിന്റെ ഫോൺ താനല്ല ഉപയോഗിക്കുന്നതെന്നും അർജുൻ പറഞ്ഞു.

ഇടുക്കിയിലെ ബാറുമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അർജുൻ രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ അന്വേഷണവുമായി സഹകരിച്ചില്ല. സഹകരിക്കാത്തതുകൊണ്ട് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.

മദ്യനയത്തിന് ഇളവുനൽകാൻ സംസ്ഥാന സർക്കാരിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. പണം ആവശ്യപ്പെട്ടുകൊണ്ട് ബാർ ഉടമ അനിമോൻ അയച്ച ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. ഡ്രൈ ഡേ പിന്വലിക്കല്, ബാര് പ്രവര്ത്തന സമയം കൂട്ടല് തുടങ്ങിയവ സര്ക്കാര് ചെയ്തു തരുമ്പോള് തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനിമോന്റെ ശബ്ദ സന്ദേശത്തില് ഉണ്ടായിരുന്നത്.

എന്നാൽ, ആരോപണം നിഷേധിക്കുകയാണ് ബാർ ഉടമകളുടെ സംഘടന. തിരുവനന്തപുരത്ത് സംഘടനയുടെ ഓഫീസ് കെട്ടിടം പണിയാനാണ് പണപ്പിരിവ് നടത്തിയതെന്നും സംഘടനയിലെ അഭിപ്രായവ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്. പിന്നാലെ ശബ്ദ സന്ദേശത്തില് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാരും രംഗത്തെത്തി. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതും പലരുടെയും മൊഴിയെടുക്കൽ തുടരുന്നതും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us