മലപ്പുറം: കുവൈറ്റിലെ തീപിടിത്തമുണ്ടായ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ നിന്ന് തവനൂർ മേപ്പറമ്പിൽ ശരത് എടുത്തു ചാടിയത് പുതു ജീവിതത്തിലേക്ക്. ശരത് ഇപ്പോൾ കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. എൻബിടിസി കമ്പനിയിൽ ആറു വർഷമായി ജോലി ചെയ്യുകയാണ് ശരത്. അപകടം നടക്കുന്ന സമഴത്ത് ഫ്ലാറ്റിലെ മുറിയിൽ ശരത് അടക്കം 5 പേർ ഉണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായ പുലർച്ചെ 4 പേരെയും വിളിച്ചുണർത്തിയത്. മുറി നിറയെ കറുത്ത പുക നിറഞ്ഞിരുന്നു.
വാതിൽ തുറന്നപ്പോൾ തീ ആളിപ്പടരുന്നതാണു കണ്ടത്. ആദ്യം ശുചിമുറിയിൽ കയറി വാതിലടയ്ക്കാൻ ശ്രമിച്ചു. പിന്നിട് ശ്വാസം മുട്ടിയപ്പോൾ 5 പേരും ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചു. താഴേക്കു ചാടുകയല്ലാതെ മറ്റുവഴികളില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഓരോരുത്തരായി ചാടി. ജീവൻ പണയംവച്ച് ആദ്യം ശരത് ചാടി, പിന്നാലെ മറ്റു നാല് പേരും. ചാട്ടത്തിൽ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവർക്കും പരുക്കുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ശരത് 2 മാസം മുൻപാണ് നാട്ടിൽ വന്നുപോയതാണ്.
ബുധനാഴ്ചയാണ് കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില് അഗ്നിബാധയുണ്ടായത്. അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില് 46 പേരെ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള് എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിലാണ് വീടുകളിലെത്തിക്കുക.
തീപിടിത്തതിന് കാരണം ഷോര്ട്ട് സര്ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്ഫോഴ്സിന്റെ അന്വേഷണ റിപ്പോര്ട്ട്. ഗാര്ഡിന്റെ റൂമില് നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്ഫോഴ്സ് പ്രസ്താവനയില് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.
കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുമെന്ന് സുരേഷ് ഗോപി