തിരുവനന്തപുരം: കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്ത കേന്ദ്രത്തിന്റെ നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഒറ്റ ദിവസത്തിന് മന്ത്രി പോയിട്ട് എന്ത് കാര്യം എന്നായിരുന്നു ഗവർണറുടെ പ്രതികരണം. 'കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈറ്റിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഇന്ന് എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപ്പെട്ടിരുന്നു. വീണ ജോർജിന് അനുമതി നിഷേധിച്ചതിൻ്റെ നിയമവശം അറിയില്ല', ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കുവൈറ്റ് ദുരന്തത്തിൽ അനുശോചനവും ആരിഫ് മുഖമ്മദ് ഖാൻ രേഖപ്പെടുത്തി. തൊഴിൽ തേടി ജനങ്ങൾ വിദേശത്തേയ്ക്ക് പോകുകയാണ്. പ്രാദേശികമായി ജോലി സാധ്യത ഇല്ലാത്തത് കൊണ്ടാണ്. അതിന് പരിഹാരം കാണണം, ഗവർണർ പറഞ്ഞു. ലോക കേരള സഭ ഉദ്ഘാടന ക്ഷണം തള്ളിയതിലും ഗവർണർ പ്രതികരിച്ചു. ലോക കേരള സഭയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല എന്നും ഒരു മാസം മുമ്പ് ഒരുക്കങ്ങൾ തുടങ്ങിയ പരിപാടിക്ക് മൂന്ന് ദിവസം മുമ്പ് മാത്രമാണ് തന്നെ ക്ഷണിച്ചത് എന്നും ഗവർണർ പറഞ്ഞു.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ എന്നും കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല് ക്ലിയറന്സ് നല്കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. യാത്രയ്ക്കായി മന്ത്രി കൊച്ചി വിമാനത്താവളത്തില് എത്തിയിരുന്നു. പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത്. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്ക്കാര് സ്വീകരിച്ചത്. രേഖാമൂലമുള്ള മറുപടിയില് അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.
കുവൈറ്റ് അപകടം: ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചത് തെറ്റായ നടപടി; കേന്ദ്രത്തിനെതിരെ സതീശൻ