കോഴിക്കോട്: മുസ്ലീം പ്രീണന പരാമർശത്തിൽ നിന്ന് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്മാറണമെന്ന് ഐഎൻഎൽ. ഡൽഹി കാറ്റേറ്റ് നടക്കുന്ന വെള്ളാപ്പള്ളി കാടടച്ചു വെടി വെക്കുകയാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിമർശിച്ചു. എൽഡിഎഫ് മുസ്ലിം പ്രീണനം നടത്തുന്നുവെന്ന പ്രസ്താവനകളിൽ നിന്ന് വെള്ളാപ്പള്ളി സ്വയം പിന്മാറണം. അല്ലെങ്കിൽ ഏത് നിലയ്ക്കും പിന്തിരിപ്പിക്കണമെന്നും ഐഎൻഎൽ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തി വിവിധ മുസ്ലിം സംഘടനകൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ എൽഡിഎഫ് ഇതുവരെ പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ല.
അതേസമയം എൽഡിഎഫിന്റെ പരാജയത്തിലും കാസിം ഇരിക്കൂർ പ്രതികരിച്ചു. തിരെഞ്ഞെടുപ്പ് തോൽവിയിൽ കണക്കുകൾ നിരത്തിയാണ് എൽഡിഎഫ് പ്രതിരോധം. നിയമസഭയിലടക്കം മുഖ്യമന്ത്രി തന്നെ പ്രതിരോധ ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കണക്കുകൾ നിരത്തിയതുകൊണ്ട് രോഗം കണ്ട് പിടിക്കാനാകില്ലെന്നും വോട്ട് ചോർച്ചയ്ക്ക് ഇടയാക്കിയ പ്രവണത മനസിലാക്കാൻ കഴിയണമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.
മുസ്ലിം പ്രീണനമാണ് നടന്നതെന്നും. മുസ്ലിം പ്രീണനം കൂടിയപ്പോള് ക്രിസ്ത്യാനികളും പോയെന്നുമാണ് തിരഞ്ഞെടുപ്പിന് പിന്നാലെ വെള്ളാപ്പള്ളി പ്രതികരിച്ചത്. വോട്ട് വന്നപ്പോള് കാന്തപുരം പോലും ഇടതുപക്ഷത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശമാണ് വലിയ വിവാദമായത്.
വെള്ളാപ്പള്ളി നടേശനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. വെള്ളാപ്പള്ളി നടേശൻ്റേത് മുസ്ലിം പ്രീണന പരാമർശമായിരുന്നു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ്. വിഷയം നിയമപരമായി തന്നെ കൈകാര്യം ചെയ്യപ്പെടണം. ഇടത് സര്ക്കാറിന്റെ നവോത്ഥാന സമിതിയില് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നുമാണ് സിറാജ് മുഖപ്രസംഗത്തിൽ പറയുന്നത്. 'വെള്ളാപ്പള്ളിയുടെ വ്യാജങ്ങൾ' എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിനെതിരെ പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ കുറിച്ചിരിക്കുന്നത്.
'മുസ്ലിം പ്രീണനപരാമർശം', വെള്ളാപ്പള്ളിക്കെതിരെ സ്വമേധയാ കേസെടുക്കണം; വിമർശനവുമായി കാന്തപുരം വിഭാഗം