വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത് ശരിയായില്ല: സജി ചെറിയാൻ

വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ കേന്ദ്ര സര്ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

dot image

തിരുവനന്തപുരം: കുവൈറ്റ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. യാത്രയ്ക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ആരോഗ്യമന്ത്രി തന്നെ പോകാൻ തീരുമാനിച്ചത്. വിഷയത്തിൽ കേന്ദ്ര ഇടപെടൽ പ്രയാസമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ കേന്ദ്ര സര്ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടൊണ് ആരോഗ്യമന്ത്രിയുടെ കുവൈറ്റ് യാത്ര മുടങ്ങിയത്. വിമാനടിക്കറ്റ് ഉൾപ്പെടെ വെച്ചാണ് അപേക്ഷ നൽകിയിരുന്നതെന്നും അവിടെ എത്തിയിരുന്നെങ്കിൽ കുറച്ചു കൂടെ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പൊളിറ്റിക്കല് ക്ലിയറന്സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്ജ് കൊച്ചി വിമാനത്താവളത്തില് വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്നലെ രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്ര ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്.

മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിച്ചു. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.

കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഓരോരുത്തർക്കായും ഒരുക്കിയിടത്ത് മൃതദേഹം എത്തിക്കുകയും മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ച് അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾക്കൊപ്പം എത്തിയ കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമർപ്പിച്ചു. ശേഷം കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മരിച്ച ഏഴ് തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.

dot image
To advertise here,contact us
dot image