തിരുവനന്തപുരം: സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ജെഡിഎസ്സിന്റെ കേരള ഘടകമായി എൽഡിഎഫിൽ തുടരാൻ ആകില്ലെന്ന് സിപിഐഎം അറിയിച്ചിരുന്നു. ദേശീയ നേതൃത്വവുമായി സാങ്കേതികമായി ബന്ധം നിലനിൽക്കുകയാണെന്നതിനാൽ ഇത് മുന്നണിയിൽ തടസ്സമാകും.
ജെഡിഎസ്സിന് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം നേരത്തെ വ്യക്തമാക്കിയിരുന്നു. സാങ്കേതികമായി ഇപ്പോഴും ദേശീയ പാര്ട്ടിയുടെ ഭാഗമാണ് കേരളത്തിലെ പാര്ട്ടി. കര്ണ്ണാടകയിലെ പ്രജ്ജ്വൽ രേവണ്ണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി രൂപീകരണത്തെ കുറിച്ച് ജെഡിഎസ് സംസ്ഥാന ഘടകം ആലോചിച്ച് തുടങ്ങിയിരുന്നു. ഈ വിവാദം പാര്ട്ടിക്കേല്പ്പിച്ച കളങ്കം വലുതാണെന്ന നിഗമനത്തിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന പാര്ട്ടി രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്ത്തിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി സംസ്ഥാനത്തെ ചെറു പാര്ട്ടികളുടെ കൂട്ടായ്മയ്ക്കും ശ്രമം നടക്കുന്നുണ്ട്.
ഇടത് മുന്നണിക്കൊപ്പമുള്ള ജനതാദള് എസ്, എന്സിപി, കേരള കോണ്ഗ്രസ് ബി, ആര്എസ്പി ലെനിനിസ്റ്റ് പാര്ട്ടികളുടെ ലയനം ആണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനായി ജെഡിഎസ്, എന്സിപി നേതൃത്വം മുന്കൈയ്യെടുത്ത് പ്രാഥമിക ചര്ച്ച തുടങ്ങിയിരുന്നു. പാര്ട്ടി നയം ലംഘിച്ച് ബിജെപിയുമായി സഖ്യം ചേര്ന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടില് നേരത്തെ സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചിരുന്നു.