തൃശ്ശൂർ: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപാകതകൾ ഉണ്ടെങ്കിൽ കുവൈറ്റ് സർക്കാർ ആണ് പരിശോധിക്കേണ്ടത്. അവർ ആ നടപടികൾ പൂർത്തിയാക്കും. കുവൈറ്റിൽ ചികിത്സയിലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് അവിടുത്തെ സർക്കാർ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. നിലിവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. തീപിടിത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ വീട്ടില് എത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാവിലെ 10.30നാണ് വിമാനം കൊച്ചിയിലെത്തുക. 45 മൃതദേഹങ്ങളുമാളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം കൊച്ചിയിലെത്തും. അതിൽ 23 മലയാളികളുടെ മൃതദേഹമാണ് കൊച്ചിയിലെത്തിക്കുക. മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള് രാജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള് എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ വീടുകളിലെത്തിക്കും.
കുവൈറ്റിലെ തീപിടിത്തം; 23 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിലെത്തിക്കുംകുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അഗ്നിബാധയുണ്ടാകുന്നത്. തീപിടിത്തതിന് കാരണം ഷോര്ട്ട് സര്ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്ഫോഴ്സിന്റെ അന്വേഷണ റിപ്പോര്ട്ട്. ഗാര്ഡിന്റെ റൂമില് നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്ഫോഴ്സ് പ്രസ്താവനയില് വ്യക്തമാക്കി. അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില് 46 പേരെ തിരിച്ചറിഞ്ഞു. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈറ്റ് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി.