മലപ്പുറം: ഹജ്ജ് തീർത്ഥാടകർ മക്കയിൽ കുടുങ്ങിയ സംഭവത്തിൽ 154 പേർക്കും നുസുക് കാർഡ് ലഭിച്ചു. മക്കയിൽ പുറത്തിറങ്ങണമെങ്കിൽ നുസുസുക് കാർഡ് വേണം. തീർത്ഥാടകരുടെ ദുരിതം റിപ്പോർട്ട ടിവിയാണ് പുറത്തുകൊണ്ടുവന്നത്. വാർത്തയ്ക്ക് പിന്നാലെ മലപ്പുറം ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു. ഒഐസിസി പ്രവർത്തകരുടെ ഇടപെടലും നടപടി വേഗത്തിലാക്കി.
നുസുക് കാർഡ് ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനാവാതെ ദുരിതത്തിലായിരുന്നു ഹജ്ജ് തീർത്ഥാടകർ. കരിപ്പൂരിൽ നിന്ന് പോയ സംഘം അഞ്ചാം തീയതി മക്കയിൽ എത്തിയിട്ടും കാർഡ് കിട്ടിയിരുന്നില്ല. ഭക്ഷണം വാങ്ങാൻ പോയവരെ പോലും പൊലീസ് പിടികൂടിയിരുന്നു. കാർഡ് കിട്ടിയതോടെ തീർത്ഥാടകർ മീനായിലേക്ക് പുറപ്പെട്ടു.
ഓൺലൈൻ വഴി ഡൌൺലോഡ് ചെയ്ത് എടുക്കുന്ന നുസുക് കാർഡ് പൊലീസ് അംഗീകരിക്കാതെ വന്നതോടെയാണ് പ്രശ്നമായത്. പ്രിൻ്റ് ചെയ്ത കാർഡ് കഴുത്തിൽ തൂക്കി ഇല്ലെങ്കിൽ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്നതായിരുന്നു അവസ്ഥ. ഇത്രയേറെ പണം ചെലവാക്കി ചടങ്ങുകൾ ഒന്നും ചെയ്യാനാവാതെ മുറിയിൽ സമയം കഴിച്ചുകൂട്ടേണ്ടി വരുന്നതിന്റെ ദുരിതത്തിലായിരുന്നു തീർത്ഥാടകർ. റിപ്പോർട്ടർ ടിവി വാർത്ത നൽകിയതോടെ അധികൃതർ ഇടപെടുകയും ഒടുവിൽ നുസുക് കാർഡ് ലഭിക്കുകയുമായിരുന്നു. ഇനി ഇവർക്ക് തീർത്ഥാടനം പൂർത്തിയാക്കാം.