ആലപ്പുഴ: ആലപ്പുഴയില് സംഘടിപ്പിച്ച സിബിസി വാര്യര് സ്മൃതി പരിപാടിയില് നിന്നും ഇറങ്ങിപോയ സംഭവത്തില് പ്രതികരിച്ച് മുതിര്ന്ന നേതാവ് ജി സുധാകരന്. പരിപാടിയില് നിന്നും ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നുവെന്നുമാണ് വിശദീകരണം. പത്തേമുക്കാല് ആയിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോള് തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരന് വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന് പരിപാടിക്ക് വന്നില്ലല്ലോ. അത് എന്താണ് വാര്ത്തയാക്കാത്തതെന്ന് ചോദിച്ച സുധാകരന് മാധ്യമ പ്രവര്ത്തകര്ക്ക് ഭ്രാന്താണെന്നും വിമര്ശിച്ചു. ഇന്ന് രാവിലെ ആലപ്പുഴയില് നടക്കാനിരുന്ന സിബിസി വാര്യര് സ്മൃതി പരിപാടിക്കിടെയായിരുന്നു സംഭവം. സമയത്ത് പരിപാടി തുടങ്ങാത്തതില് ജി സുധാകരന് ദേഷ്യപ്പെട്ട് ഇറങ്ങിപോവുകയായിരുന്നു.
10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോള് സംഘാടകനെ വിളിച്ച് ചോദിച്ചു. എന്നിട്ടും പരിപാടി തുടങ്ങാന് വൈകിയതോടെയാണ് ഇറങ്ങിപോയത്. പരിപാടിയില് ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. സജി ചെറിയാനായിരുന്നു ഉദ്ഘാടകന്. സജി ചെറിയാനും സിപിഐഎം ജില്ലാ സെക്രട്ടറി ആര് നാസറും സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു അടക്കമുള്ളവര് എത്തിയിരുന്നില്ല. തുടര്ന്നാണ് പരിപാടി തുടങ്ങാന് വൈകിയത്. ഹരിപ്പാട് എസ് ആന്ഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.