പ്ലസ് വണ് സീറ്റ് പ്രതിസന്ധി; എംഎസ്എഫ് ഉപരോധ സമരത്തില് സംഘര്ഷം

ഹയര് സെക്കന്ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പ്രവര്ത്തകര് പൂട്ടിയിട്ട് ഉപരോധിച്ചു

dot image

മലപ്പുറം: പ്ലസ് വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് എംഎസ്എഫിന്റെ പ്രതിഷേധം. ഹയര് സെക്കന്ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് ഉപരോധിച്ചു. മുഴുവന് അപേക്ഷകര്ക്കും പ്ലസ് വണ് സീറ്റ് നല്കണമെന്നാണ് ആവശ്യം. ഓഫീസ് പൂട്ടിയിട്ടായിരുന്നു പ്രവര്ത്തകരുടെ ഉപരോധം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്പ്പെടെയുള്ളവര് ഓഫീസിനുള്ളില് ചര്ച്ച നടത്തുന്നതിനിടെ പുറത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇത് പ്രവര്ത്തകരും പൊലീസും തമ്മില് ഏറെ നേരം ഉന്തും തള്ളുമുണ്ടായി.

തുടര്ന്ന് സമരക്കാര് പൂട്ടിയിട്ട ഓഫിസ് പൊലീസ് ബലം പ്രയോഗിച്ച് തുറന്നു. ഇതിനിടെ ഓഫിസിനകത്തുള്ള ഫര്ണിച്ചര് അടക്കമുള്ള ഉപകരണങ്ങള് പ്രവര്ത്തകര് തകര്ക്കാന് ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്ന്ന് പ്രവര്ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന് ശ്രമിച്ചത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചു. പ്ലസ് വണ് സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്ന് പി കെ നവാസ് അറിയിച്ചു. മലപ്പുറം ജില്ലയോട് കടുത്ത അനീതിയാണെന്ന് പി കെ നവാസ് റിപ്പോര്ട്ടറിനോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് തെറ്റാണ്. മന്ത്രിക്ക് തെറ്റായ കണക്ക് കൊടുത്തത് ആര് ഡി ഡിയാണ്. അദ്ദേഹത്തിനെതിരായ പ്രതിഷേധമാണ് നടത്തിയത്. ഇനിയും ശക്തമായ സമരം തുടരുമെന്ന് നവാസ് പറഞ്ഞു.

സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില് പ്രതിഷേധവുമായി മുസ്ലിം ലീഗ് നേരത്തെ മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് മാര്ച്ച് നടത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണത്തതില് എംഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലബാറില് പ്ലസ് വണ് സീറ്റ് പ്രതിസന്ധി രൂക്ഷമാണ്. രണ്ടാം ഘട്ടത്തില് മലപ്പുറം ജില്ലയില് പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാര്ത്ഥികള്ക്ക് മാത്രമാണ്. രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷവും മലപ്പുറം ജില്ലയില് 46,839 വിദ്യാര്ത്ഥികള് അവസരം കാത്ത് നില്ക്കുമ്പോള് ജില്ലയില് ആകെ ശേഷിക്കുന്നത് 14,600 സീറ്റുകള് മാത്രമാണ്.

തിരഞ്ഞെടുപ്പില് ജയിക്കാന് കുതന്ത്രങ്ങള് മെനയുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ശൈലി; സാദിഖലി തങ്ങള്

ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച 36,393 വിദ്യാര്ത്ഥികളില് 33,170 വിദ്യാര്ത്ഥികളാണ് പ്രവേശന നടപടികള് പൂര്ത്തീകരിച്ചത്. പുതുതായി അവസരം ലഭിച്ചതാകട്ടെ 2,437 പേര്ക്കും. ഇതടക്കം 35,607 പേര്ക്കാണ് മലപ്പുറം ജില്ലയില് രണ്ടാംഘട്ടത്തില് അലോട്ട്മെന്റ് ലഭിച്ചത്. ഈ കണക്ക് പരിശോധിച്ചാല് മലപ്പുറം ജില്ലയില് പ്ലസ് വണ്ണിന് അപേക്ഷ നല്കിയ 82,446 അപേക്ഷകരില് 46,839 പേര് ഇപ്പോഴും പട്ടികക്ക് പുറത്ത് നില്ക്കുകയാണ്. ഇവര്ക്കായി ഇനി ശേഷിക്കുന്നതാകട്ടെ 14,600 മെറിറ്റ് സീറ്റുകള് മാത്രം. ഇത് കൂടി പൂര്ത്തിയാകുന്നതോടെ ജില്ലയിലെ 32,239 വിദ്യാര്ത്ഥികള്ക്ക് തുടര്പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ മേഖലകളെയോ ആശ്രയിക്കേണ്ടി വരും. ഇതര ജില്ലകളില് നിന്നായി 7,606 പേരാണ് അപേക്ഷകരായി മലപ്പുറത്തുള്ളത്. ഇവരുടെ എണ്ണം കുറച്ചാലും 24,633 പേര്ക്ക് ജില്ലയില് ജനറല് സീറ്റില് പഠിക്കാന് അവസരം ഇല്ലെന്നര്ത്ഥം. വിദ്യാഭ്യാസ മന്ത്രി സഭയില് അവതരിപ്പിച്ച കണക്കുകള് കൊണ്ട് മാത്രം ജില്ലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം.

dot image
To advertise here,contact us
dot image