കാറിനുള്ളിൽ സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര, സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തു

സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റു വിഡിയോകളിലും ഗുരുതരമായ നിയമ ലംഘനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി

dot image

ആലപ്പുഴ: കാറില് സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില് യൂട്യൂബര് സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിൻ്റെ രജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യ നാരായണൻ്റെ ലൈസൻസും ഒരു വർഷത്തേക്കും റദ്ദ് ചെയ്തതായി എൻഫോഴ്സ്മെൻ്റ് ആർടിഒ അറിയിച്ചു. സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റു വിഡിയോകളിലും ഗുരുതരമായ നിയമ ലംഘനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

വാഹനങ്ങളില് രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്ന് സഞ്ജു എംവിഡിയുടെ നോട്ടീസില് വിശദീകരണം നല്കിയിരുന്നു. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല് കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി കഴിഞ്ഞ ദിവസം എംവിഡിയെ അറിയിച്ചിരുന്നു.

സംഭവത്തില് സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല് കോളേജില് സാമൂഹിക സേവനത്തിലാണ്. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ് 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര് ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്. യൂട്യൂബില് 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.

മനുഷ്യത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു; വി മുരളീധരൻ

കാറിന് നടുവിലെ രണ്ട് സീറ്റുകള് മാറ്റി പകരം പ്ലാസ്റ്റിക് ടര്പോളിന് കൊണ്ട് സ്വിമ്മിംഗ് പൂള് തയ്യാറാക്കി. തുടര്ന്ന് മൂന്ന് സുഹൃത്തുക്കള്ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില് കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള് ട്യൂബില് പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്പോളിന് ചോര്ച്ചയുണ്ടായി വെള്ളം കാറിനുള്ളില് പടര്ന്നു. എന്ജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയര് ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവര് വെള്ളം മുഴുവന് റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങള് ശ്രദ്ധയില്പ്പെട്ട ആര്ടിഒ എന്ഫോഴ്സ്മെന്റ് വിഭാഗം കാര് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image