കോഴിക്കോട്: ഇടതു, വലതു മുന്നണികള് അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന വെള്ളാപ്പള്ളി നടേശന്റെ 'യോഗനാദത്തി'ലൂടെയുള്ള വിമര്ശനത്തിന് പരോക്ഷ മറുപടിയുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂര്. ഫേസ്ബുക്കിലാണ് വിഷയത്തില് സത്താര് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. കേന്ദ്ര കാബിനറ്റില് പൂജ്യവും പാര്ലമെന്റില് നാമമാത്രവുമായ പ്രാതിനിധ്യമാണ് നിലവില് മുസ്ലിങ്ങള്ക്കുള്ളതെന്നും രാജ്യത്തെ മതനിരപേക്ഷവാദികളെല്ലാം ഈ സാഹചര്യത്തില് ആശങ്ക അറിയിക്കുകയും ചെയ്യുന്നതായും സത്താര് ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിയുടെ പേര് പരാര്ശിക്കാതെയായിരുന്നു വിമർശനം.
ഒരു പിന്നാക്ക അധസ്ഥിത വിഭാഗമെന്ന നിലയില് മുസ്ലിങ്ങളുടെ ഈ പങ്കാളിത്ത പ്രശ്നം എല്ലാവരും ഉന്നയിക്കുന്നുണ്ട്. അത് വസ്തുതാപരവുമാണ്. അപ്പോഴാണ് കേരളത്തില് നിന്നുള്ള രാജ്യസഭാ എംപിമാരില് ഒമ്പതില് അഞ്ചും മുസ്ലിങ്ങളാണെന്ന 'യുക്തി' ഉന്നയിച്ച് ചിലര് രംഗത്ത് വരുന്നതെന്ന് വെള്ളാപ്പള്ളിയെ പരോക്ഷമായി പരാമര്ശിച്ച് സത്താര് അഭിപ്രായപ്പെടുന്നു. രാജ്യസഭയിലേയും ലോക്സഭയിലേയും ആകെ മുസ്ലിങ്ങളുടെ എണ്ണം പരിശോധിക്കാന് ഇവര് തയ്യാറുണ്ടോ?, കേരളത്തില് നിന്നുള്ള ലോക്സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന് തയ്യാറുണ്ടോ? എന്നീ ചോദ്യങ്ങളും പോസ്റ്റില് ഉന്നയിക്കുന്നുണ്ട്.
20ല് മൂന്ന് ആണ് ലോക്സഭയില് പോകുന്ന മലയാളികളിലെ മുസ്ലിം പ്രാതിനിധ്യം. 27 ശതമാനം ജനസംഖ്യയുള്ള ഒരു സമുദായത്തിന് പതിനഞ്ച് ശതമാനം പ്രാതിനിധ്യം. ഈ അനീതി മറച്ചുവെക്കുന്നവരെ സഹായിക്കാന് ഇത്തരക്കാര് തുനിഞ്ഞിറങ്ങിയത് ശരിയായില്ല. ഇതില് പോലും ഇസ്ലാമോഫോബിക് പ്രചാരണങ്ങള്ക്ക് പ്രാധാന്യം കിട്ടുന്നത് സങ്കടകരമാണ്. മുസ്ലിങ്ങളുടെ മാത്രം പങ്കാളിത്ത പ്രശ്നം പരിഹരിക്കണമെന്നല്ല, ഈഴവരും പുലയരുമുള്പ്പടെ എല്ലാവര്ക്കും അര്ഹമായ പങ്കാളിത്തം ലഭിക്കണം. അതിന് ജനാധിപത്യ പാര്ട്ടികള്ക്ക് ഉത്തരവാദിത്തവുമുണ്ട്. ജാതി സെന്സസിനായി എല്ലാവരും നിലകൊള്ളേണ്ടത് അതുകൊണ്ടാണെന്നും സത്താര് ചൂണ്ടിക്കാട്ടുന്നു.
ഇടതു, വലതു മുന്നണികള്ക്ക് അതിരുവിട്ട മുസ്ലിം പ്രീണനമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും വെള്ളാപ്പള്ളി തന്റെ ലേഖനത്തില് ചൂണ്ടിക്കാട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. പിണറായി സര്ക്കാര് മുസ്ലിങ്ങള്ക്ക് അനര്ഹമായ എന്തെല്ലാമോ വാരിക്കോരി നല്കുന്നുവെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. കേരളത്തില് നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള് ന്യൂനപക്ഷ സമുദായങ്ങള്ക്ക് നല്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം സംഘടനാ നേതാക്കള് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി വീണ്ടും വിവാദ പരാമര്ശനവുമായി രംഗത്തെത്തിയത്.