കോഴിക്കോട്: കോളേജ് വിദ്യാര്ത്ഥികള്ക്ക് ബക്രീദിന് അവധി നല്കുന്നതില് ഉന്നതവിദ്യഭ്യാസ വകുപ്പില് ആശയക്കുഴപ്പം. ബക്രീദിന് മൂന്ന് ദിവസത്തെ അവധി നല്കണമെന്ന 1983ലെ സര്ക്കാര് ഉത്തരവ് ഉന്നതവിദ്യഭ്യാസ വകുപ്പ് നടപ്പാക്കുന്നില്ല. 83-ലെ ഉത്തരവ് പ്രകാരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് കോളേജുകള് ഒറ്റദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയപെരുന്നാളിനും ബക്രീദിനും മൂന്ന് ദിവസത്തെ അവധി നല്കണമെന്നാണ് ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ 1983ലെ ഉത്തരവ്. എന്നാല് ഈ ഉത്തരവ് പ്രകാരമുള്ള അവധി കോളേജുകള്ക്ക് ലഭിക്കാറില്ല. ഇങ്ങനെയൊരു ഉത്തരവിനെ കുറിച്ച് ഉന്നതവിദ്യഭ്യാസ വകുപ്പിന് യാതൊരു വിവരവുമില്ല.
ഉത്തരവിന്റെ അസ്സല് വകുപ്പിന്റെ കൈവശമില്ല എന്നാല് ഈ ഉത്തരവിന്റെ ഹയര് എഡ്യുക്കേഷന് ഡയറക്ടര് ഒപ്പിട്ട ഒരു കോപ്പി പല കോളജുകളിലും ലഭ്യമാണ്. ഇതുപ്രകാരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഉള്പ്പെടെ അവധി അനുവദിക്കുകയും ചെയ്തു. എന്നാല് സംസ്ഥാനത്തെ മറ്റ് കോളജുകളില് ഈ ഉത്തരവ് പ്രകാരം അവധി അനുവദിക്കാറില്ല. ബക്രീദിന് തിങ്കളാഴ്ച ഒറ്റദിവസം മാത്രമാണ് മിക്ക കോളജുകളും അവധി അനുവദിച്ചിട്ടുള്ളത്. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ഉന്നതവിദ്യഭ്യാസ മന്ത്രിക്ക് കത്തുനല്കിയിട്ടുണ്ട്.