തൃശ്ശൂര്: പെരിങ്ങോട്ടുകരദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര ശതദിനത്തോത്സവത്തില് ആസ്വാദകരുടെ മനം കവര്ന്ന് ദിവ്യ എസ് അയ്യരുടെ ഭരതനാട്യം. ക്ഷേത്ര സന്നിധിയിലെ രംഗമണ്ഡപത്തില് നടന്നു വരുന്ന ശതദിന ഭാരത നൃത്തോത്സവത്തിന്റെ 99ാം ദിനത്തിലാണ് 85 ശതമാനം ഓട്ടിസം ബാധിച്ച ദിവ്യയുടെ ഭരതനാട്യം പ്രേക്ഷകരുടെ കണ്ണുനിറയിച്ചത്. ഗുരു ബാദുഷയുടെ ശിഷ്യയായ ദിവ്യ, ശ്രീചക്രരാജ സിംഹാസനേശ്വരി എന്ന ദേവീ കീര്ത്തനവും 'മഹാദേവശി വ ശംഭോ 'എന്ന രേവതി കീര്ത്തനവും മിശ്ര ചാപ്പ് താളത്തിലെ രാഗമാലിക ദേവീശബ്ദവുമെല്ലാം നല്ല മുഖ ഭാവത്തോടെ ഒന്നിനൊന്ന് താളലയത്തോടെ അവതരിപ്പിച്ചു.
ഗുരു ലീലാമണി ടീച്ചറുടെ ശിഷ്യ ഡോ നീതു ഉണ്ണിയുടെ മോഹിനിയാട്ടവും ബംഗാളിലെ പുരുലിയ ചൗ നൃത്തവും ജാര്ലണ്ടിലെ സെറായ കെല്ല ചൌ യും ഒറീസയിലെ മയൂരസന്ചൌ ഉം ഉള്പ്പെടുന്ന ചൌ നൃത്ത സമന്വയവും ബംഗാളി അഭിനേത്രി മധുമിത പാള്, അണിമ ദാസ്, സുകന്യ ദാസ് എന്നിവര് രംഗാവിഷ്കാരം ചെയ്ത ഗോത്രനൃത്തവും ശതദിന നൃത്ത ഉത്സവത്തിന് പകിട്ടേറി. തുടര്ന്ന് കേരളകലാലയം രാജശ്രീ അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടന് തുള്ളലും പ്രേക്ഷക ഹൃദയം കവര്ന്നു. തുടര്ന്ന് പെരിങ്ങോട് ഹൈസ്കൂളിലെ ടീച്ചര്മാര് അവതരിപ്പിച്ച തിരുവാതിരയ്ക്ക് നീരദ ശ്രീനന്ദ എന്നിവര് വായ്പ്പാട്ടിലും പെരിങ്ങോട് മണികണ്ഠന് ഇടക്കയിലും വായിച്ച് പ്രകീര്ത്തിച്ചു. ദേവസ്ഥാനാധിപതി ഡോ ഉണ്ണി സ്വാമി കലാകാരികള്ക്ക് പൊന്നാടയും പ്രശസ്തിപത്രവും ഫലകവും നല്കി ആദരിച്ചു.