കോഴിക്കോട്: മുസ്ലിം വിഭാഗം അനർഹമായി പലതും നേടുന്നുവെന്ന വ്യാജ പ്രചാരണം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന ആവശ്യവുമായി എസ്കെഎസ്എസ്എഫ്. മുസ്ലിങ്ങള്ക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും ഇത് വരെ ലഭിച്ചിട്ടില്ല. സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ഈ വിവേചനം ഇന്നും പ്രകടമാണ്. വിവിധ കമ്മീഷനുകൾ ഇത് ചൂണ്ടിക്കാട്ടിയതുമാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിലും പാർലമെന്റ്, നിയമസഭ അടക്കമുള്ള നിയമ നിർമാണ സഭകളിലും ജുഡീഷ്യൽ മേഖലയിലും മുസ്ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി എത്രയോ പിന്നിലാണ്. വസ്തുത ഇതായിരിക്കെ നിരന്തരം വിദ്വേഷപ്രചാരണങ്ങൾ നടത്തുന്നത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ മാത്രമേ സഹായകമാവൂവെന്ന് എസ്കെഎസ്എസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്. വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ പി അഷറഫ് കുറ്റിക്കടവ് എന്നിവർ ആവശ്യപ്പെട്ടു.