തൃശ്ശൂര് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷനായി വി കെ ശ്രീകണ്ഠന് എംപി ചുമതലയേറ്റു

'തൃശ്ശൂരിലെ പ്രശ്നങ്ങള് രമ്യമായി പരിഹരിക്കും'

dot image

തൃശ്ശൂര്: തൃശ്ശൂര് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ താല്ക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠന് എംപി ചുമതലയേറ്റു. ജില്ലയിലെ മുതിര്ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. തൃശ്ശൂരിലെ പ്രശ്നങ്ങള് ഒറ്റക്കെട്ടായി പരിഹരിക്കുമെന്ന് ചുമതലയേറ്റ ശേഷം ശ്രീകണ്ഠന് പറഞ്ഞു. മുതിര്ന്ന നേതാക്കളുമായുള്ള ചര്ച്ചക്ക് ശേഷം ഡിസിസി ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കള് മാത്രമാണ് ഓഫീസില് എത്തിയത്. എം പി വിന്സന്റ് ഉള്പ്പെടെയുള്ള ജില്ലാ നേതാക്കള് എത്തിയിരുന്നില്ല. തൃശ്ശൂരിലെ പ്രശ്നങ്ങള് രമ്യമായി പരിഹരിക്കുമെന്ന് ചുമതലയേറ്റ ശേഷം ശ്രീകണ്ഠന് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും പാലക്കാടും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ പ്രശ്നങ്ങള് ഉടന് പരിഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്വിക്ക് പിന്നാലെ തൃശൂര് ഡിസിസി ഓഫീസില് കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് നടന്ന കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില് പാർട്ടി ആവശ്യപ്പെട്ടതുപ്രകാരം തൃശൂര് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂര് യുഡിഎഫ് ചെയര്മാന് എംപി വിന്സെന്റും രാജി വെച്ചിരുന്നു.

അതേസമയം വി കെ ശ്രീകണ്ഠന് ചുമതലയേല്ക്കുന്ന ദിനത്തിലും കെ മുരളീധരനെ അനുകൂലിച്ച് നഗരത്തില് ഫ്ലക്സുകള് പ്രത്യക്ഷപ്പെട്ടു. കോണ്ഗ്രസ് പ്രവര്ത്തകര് എന്ന പേരിലാണ് ഫ്ലക്സുകള് പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല് ഭാഗത്തും ആണ് ഫ്ളക്സുകള് പ്രത്യക്ഷപ്പെട്ടത്. വര്ഗീയതക്കെതിരായ പോരാട്ടത്തില് ചതിയുടെ പത്മവ്യൂഹത്തില്പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്ളക്സിലുള്ളത്. നയിക്കാന് നിങ്ങള് ഇല്ലെങ്കില് ഞങ്ങളുമില്ലെന്നും ഫ്ളക്സിലുണ്ട്. തൃശൂരിലെ കോണ്ഗ്രസ് പ്രവര്ത്തകരുടെ പേരിലാണ് ഫ്ളക്സ്.

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ വിവിധയിടങ്ങളില് കെ മുരളീധരന് അനുകൂലമായി ഫ്ളക്സുകള് പ്രത്യക്ഷപ്പെട്ടിരുന്നു. തളിപ്പറമ്പിലെ കോണ്ഗ്രസ് ഓഫീസിന് സമീപത്താണ് ഇന്നലെ ബോര്ഡ് സ്ഥാപിച്ചത്. 'കോണ്ഗ്രസ് പ്രവര്ത്തകര് കണ്ണൂര്' എന്ന പേരിലായിരുന്നു ബോര്ഡ്. 'നയിക്കാന് നായകന് വരട്ടെ, നയിക്കാന് നിങ്ങളില്ലെങ്കില് ഞങ്ങളുമില്ല' എന്നാണ് ബോര്ഡില് കുറിച്ചിരുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള് പോരാട്ടത്തില് വെട്ടേറ്റ് വീണതെന്നും ബോര്ഡില് പറഞ്ഞിരുന്നു.

'കാബിനറ്റില് പൂജ്യമാണ് പ്രാതിനിധ്യം'; വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി സത്താര് പന്തല്ലൂര്

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില് സജീവമാകുമെന്നും മുരളീധരന് പ്രഖ്യാപിച്ചിരുന്നു. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില് മത്സരിക്കാന് പോയത് തന്റെ തെറ്റാണെന്നും കെ മുരളീധരന് പറഞ്ഞിരുന്നു. ക്രിസ്ത്യന് വോട്ടില് വിള്ളല് വീണത് തൃശൂരില് മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്ഷം സുരേഷ് ഗോപി തൃശൂരില് നടത്തിയ ഇടപെടല് മനസ്സിലാക്കാന് പറ്റിയില്ല. സംഘടനയ്ക്കും വ്യക്തികള്ക്കും അതിന് സാധിച്ചില്ല. അടുത്ത ഒരു വര്ഷത്തേക്ക് പ്രവര്ത്തനത്തില് സജീവമായുണ്ടാകില്ല. പ്രവര്ത്തന കേന്ദ്രം ഇനി കേരളമാണ്. കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്ത്തിക്കുന്നത്. എംപി അല്ലാത്തതിനാല് ഇനി ഡല്ഹിക്ക് വരേണ്ടല്ലോ എന്നും ഡല്ഹിയിലെ മാധ്യമപ്രവര്ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image