തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ ജില്ലയിലെ നേതൃത്വത്തിനുള്ളിലുണ്ടായ പ്രശ്നങ്ങളിൽ കർശന നിർദ്ദേശവുമായി ഡിസിസി അധ്യക്ഷൻ വി കെ ശ്രീകണ്ഠൻ. പരസ്പരമുള്ള വിഴുപ്പലക്കലുകൾക്ക് കർശന വിലക്കുണ്ട്. ഇത്തരം പ്രവർത്തികളിൽ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്നുമാണ് വി കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര് ജില്ലാ കോണ്ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷം ഭാരവാഹികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു ശ്രീകണ്ഠൻ.
പരസ്യ പ്രതികരണങ്ങള് നടത്തുന്നതിനും ഡിസിസി മതിലില് പോസ്റ്റര് ഒട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേതാക്കളുടെയും അണികളുടെയും പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പരസ്യ പ്രതികരണങ്ങള് 24 മണിക്കൂറിനുള്ളില് സോഷ്യൽമീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം തൃശൂരിലെ തോൽവി പഠിക്കാൻ കെ സി ജോസഫ് ഉപസമിതി ജൂൺ 18 ന് ജില്ലയിലെത്തും. രാവിലെ മുതിർന്ന നേതാക്കളുമായി ജില്ലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി കേൾക്കും. പ്രവർത്തകർക്ക് നേരിട്ട് പരാതി അറിയിക്കാം. വരുന്ന തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ ശക്തിപ്പെടുത്തലാണ് തന്റെ ചുമതലയെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.