തിരുവനന്തപുരം: ക്ഷേമപെന്ഷന് പുറമെ സംസ്ഥാനത്തെ ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശികയായുള്ളതും കോടികള്. ക്ഷേമനിധി ബോര്ഡില് അംഗങ്ങളായി ചേര്ന്നിരിക്കുന്ന തൊഴിലാളികള് പണിയെടുക്കുന്നതിന്റെ ഒരു വിഹിതമാണ് ക്ഷേമനിധി ബോര്ഡിലേക്ക് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്ക്ക് അര്ഹതപ്പെട്ട ആനുകൂല്യങ്ങളും കൃത്യമായി നല്കേണ്ടതാണ്. എന്നാല് മരണാനന്തര സഹായം മുതല് പ്രസവാനുകൂല്യം വരെ കഴിഞ്ഞ ഒരു വര്ഷത്തിലധികമായി വിതരണം നടത്തിയിട്ടില്ല.
സംസ്ഥാനത്ത് 16,425 പേര്ക്കാണ് വിവാഹ ധനസഹായം നല്കാന് ഉള്ളത്. 16,42,80,000 രൂപയോളം വര ഈ വിഭാഗത്തിലെ കുടിശ്ശിക. പ്രസവാനുകുല്യം ലഭിക്കേണ്ടത് 773 പേര്ക്കാണ്. ഈ വിഭാഗത്തില് നല്കേണ്ട തുക 89 ലക്ഷമാണ്. ചികിത്സാ ധനസഹായം 1717 പേര്ക്കായി 47,59,000-ത്തിലധികമാണ്.
ജോലിയെടുക്കുന്ന കാലത്ത് മുടങ്ങാതെ അംശാദായം അടച്ചിരുന്ന തൊഴിലാളികള് മരണപ്പെട്ടിട്ട് പോലും ഇവരുടെ ആശ്രിതകര്ക്ക് പണം നല്കാന് സര്ക്കാരിന് കഴിഞ്ഞിട്ടില്ല. അംശാദായകര്ക്ക് ആനുകൂല്യങ്ങള് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭത്തിലേക്ക് നീങ്ങുവാനാണ് ഐഎന്ടിയുസിയുടെ തീരുമാനം.