തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്.
പെൺകുട്ടിയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിക്കുകയായിരുന്നു. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
നിരവധി കമന്റുകളാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. ഇപ്പോൾ സുഹൃത്തുക്കൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)