കൽപ്പറ്റ: വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധിക്ക് എത് മണ്ഡലം നിലനിർത്തണം എന്ന് തീരുമാനിക്കാൻ അവശേഷിക്കുന്നത് ഒരു ദിവസം. ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതിൽ തീരുമാനം പ്രഖ്യാപിക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ.
ഉത്തരേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകത കൂടി കണക്കിലെടുത്താണ് തീരുമാനം ഉണ്ടാവുക. രാഹുൽ ഒഴിയുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനാണ് സാധ്യത. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വയനാട് സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തടയാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. ആറ് മാസത്തിനകം മാത്രമേ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകു.
പ്രിയങ്കയ്ക്കായി ബാനറുകളുമായാണ് പ്രവർത്തകർ കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുലിന്റെ പരിപാടിക്ക് എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയോട് റായ്ബറേലിയിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും സോണിയാ ഗാന്ധി രാജ്യസഭ അംഗവും രാഹുൽ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ താൻ മത്സര രംഗത്ത് ഇല്ലെന്ന് വ്യക്തമാക്കി മാറി നിൽക്കുകയായിരുന്നു.
രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. പ്രിയങ്ക വയനാട് എത്തിയില്ലെങ്കിൽ പ്രദേശത്ത് ജനപിന്തുണയുള്ള കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാകും ആറ് മാസത്തിനിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുക.
അതിനിടെ, ഉത്തർപ്രദേശിലെ പാർട്ടി ആഗ്രഹിക്കുന്നത് രാഹുൽ റായ്ബറേലി നിലനിർത്തണമെന്നാണ് യുപി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് റായി പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്ടിൽ കോൺഗ്രസിനായി മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന് ആവശ്യവുമായി കാന്തപുരം വിഭാഗം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകനും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂടിയായ കാന്തപുരം അബ്ദുൽ ഹക്കീം അസ്ഹരി വയനാട്ടിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടറിനോട് പറഞ്ഞത്.
'കെ കെ ഷൈലജ തോല്ക്കണമെന്ന് പിണറായി വിജയനും പി ജയരാജനും ആഗ്രഹിച്ചു'; കെ കെ രമ