തിരുവനന്തപുരം: സിഎംആര്എല് മാസപ്പടി കേസില് ഹൈക്കോടതി നോട്ടീസ് അയച്ചതോടെ മകള് വീണ വിജയനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് കൂടി കേസിന്റെ പരിധിയിലേക്ക് എത്തി. മാസപ്പടിയെ രണ്ടു കമ്പനികള് തമ്മില് നടന്ന സുതാര്യമായ സാമ്പത്തിക ഇടപാടാണ് എന്ന് പ്രതിരോധിച്ചിരുന്ന സിപിഐഎമ്മും ഇതോടെ പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് തോല്വിയുടെ കാരണങ്ങള് വിലയിരുത്താന് സിപിഐഎം സംസ്ഥാന കമ്മിറ്റി ചേരുന്നതിനിടയിലാണ് പാര്ട്ടിക്കും സര്ക്കാരിനും കനത്ത ആഘാതമായി ഹൈക്കോടതിയുടെ തീരുമാനം വരുന്നത്.
മാസപ്പടി കേസില് വീണ വിജയനൊപ്പം മുഖ്യമന്ത്രിക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതി നിര്ദ്ദേശിച്ചിരിക്കുന്നത്. കോടതി നോട്ടീസ് അയച്ച സാഹചര്യത്തില് മുഖ്യമന്ത്രി സമര്പ്പിക്കുന്ന മറുപടിയും നിര്ണായകമാണ്. മാസപ്പടിക്കേസിനെ രണ്ട് കമ്പനികള് തമ്മില് നടന്ന നിയമപരവും സുതാര്യവുമായ സാമ്പത്തിക ഇടപാടാണ് എന്നായിരുന്നു സിപിഐഎം ഇതുവരെ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും ഒരു കേസ് ഉണ്ടോ എന്നും സിപിഐഎം നേതാക്കള് ആവര്ത്തിച്ച് ചോദിച്ചിരുന്നു. മാത്യു കുഴല്നാടന്റെ അപേക്ഷ തിരുവനന്തപുരം വിജിലന്സ് കോടതി തള്ളിയപ്പോള് മാസപ്പടി കേസ് ഇല്ലാതായി എന്ന മട്ടിലാണ് സിപിഐഎം നേതൃത്വം ആഘോഷിച്ചത്. എന്നാല് ഹൈക്കോടതി നോട്ടീസ് അയക്കാന് ഉത്തരവിട്ടതോടെ ഇതെല്ലാം വൃഥാവിലായി.
മുഖ്യമന്ത്രിയുടെ പ്രിവിലേജാണ് ഒരു സേവനവും നല്കാതെ വീണയുടെ കമ്പനിക്ക് കരിമണല് കമ്പനി പണം നല്കാന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണം. അപ്പോഴെല്ലാം തന്റെ കൈകള് ശുദ്ധമാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതിരോധിച്ച മുഖ്യമന്ത്രിക്ക് ഇനി അത് കോടതിയിലും പറയേണ്ടിവരുന്നു. മാസപ്പടി കേസ് ഉള്പ്പെടെയുള്ള ആക്ഷേപങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന് ആവാത്തത് തിരഞ്ഞെടുപ്പില് ജനവികാരം എതിരാകാന് കാരണമായെന്ന് സിപിഐഎം നേതാക്കള് തന്നെ പറയുന്നുണ്ട്. ഹൈക്കോടതി നോട്ടീസ് കൂടി വന്നതോടെ ഈ വാദങ്ങള്ക്ക് കൂടുതല് പ്രാധാന്യം കൈവരും. പാര്ട്ടി വേദികളില് ഇത് ശക്തമായി ഉന്നയിക്കാന് ആരെങ്കിലും ധൈര്യപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്.