ആലപ്പുഴ: മുതിര്ന്ന സിപിഐഎം നേതാവ് ജി സുധാകരനെ പൊളിറ്റിക്കല് ക്രിമിനല് എന്ന് വിളിച്ച് എച്ച് സലാം എംഎല്എ. ജി സുധാകരന്റെ പൊളിറ്റിക്കല് ക്രിമിനലിസം പരാമര്ശത്തിന് മറുപടിയായാണ് എച്ച് സലാം രംഗത്തെത്തിയത്. എതിരാളിക്ക് ഗുണം ഉണ്ടാക്കുന്ന തരത്തില് പ്രതികരിക്കുന്നതും ഒരു രാഷ്ട്രീയത്തില് നിന്ന് അതിനെതിരെ പ്രവര്ത്തിക്കുന്നതും പൊളിറ്റിക്കല് ക്രിമിനലിസം ആണെന്ന് എച്ച് സലാം തിരിച്ചടിച്ചു. സുധാകരനെ പരിഗണിച്ചതുപോലെ ഗൗരിയമ്മയെ പോലും പരിഗണിച്ചിട്ടില്ലെന്ന് എച്ച് സലാം പറഞ്ഞു.
'ഒരു കമ്മ്യുണിസ്റ്റ് പാര്ട്ടി അംഗം അച്ചടക്കം പാലിക്കുകയെന്നത് ഞാനടക്കം എല്ലാവര്ക്കും ബാധകമായ കാര്യമാണ്. നമ്മള് ഭാഗമാവുന്ന രാഷ്ട്രീയത്തിന് ദോഷകരമായി നില്ക്കുന്ന കാര്യങ്ങള് ഞാന് ചെയ്താല് ഞാനും പൊളിറ്റിക്കല് ക്രിമിനലാകും. അത് ആരും ചെയ്തുകൂടാ', എച്ച് സലാം എംഎല്എ പറഞ്ഞു.
ആലപ്പുഴയില് തിരിച്ചടി നേരിടുന്നത് ഇത് ആദ്യമായല്ല. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അതിനെ അതിജീവിക്കാന് പാര്ട്ടിക്കായിട്ടുണ്ട്. ജി സുധാകരനെ അവഗണിച്ചു എന്ന സുധാകരന്റെ വാദങ്ങള്ക്ക് അടിസ്ഥാനമില്ല. പാര്ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണങ്ങളാണ് സുധാകരനില് നിന്നും പലപ്പോഴും ഉണ്ടാവുന്നത്. ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. നാല് തവണ എംഎല്എയായി. ജില്ലാ കൗണ്സില് പ്രസിഡന്റ്, നഗരസഭാംഗം, സിന്ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചുവെന്നും എച്ച് സലാം പറഞ്ഞു. ജി സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമാണ്. കാര്യങ്ങള് മനസ്സിലാക്കാന് സാധാരണയില് കവിഞ്ഞ അറിവുള്ളയാളാണ് സുധാകരന്. സംസാരിക്കുമ്പോള് പിഴവ് പറ്റുന്നയാളല്ലെന്നും എച്ച് സലാം പറഞ്ഞു.
പൊളിറ്റക്കല് ക്രിമിനലുകള് രാഷ്ട്രീയത്തില് കിടന്നു പുളയുകയാണെന്നായിരുന്നു ജി സുധാകരന്റെ വിമര്ശനം. അവര് 90 ശതമാനം മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പാര്ട്ടിയുടെ സംഘടനാ സംവിധാനവും രാഷ്ട്രീയവും മനസ്സിലാക്കി സംസാരിക്കുന്ന അവസാനത്തെയാളെ ഇല്ലാതാക്കിയാല് പാര്ട്ടി ഇല്ലാതാകും. അതിനാണ് മാധ്യമങ്ങള് ശ്രമിക്കുന്നതെന്നും ജി സുധാകരന് വിമര്ശിച്ചിരുന്നു.