ഡിഎല്എഫ് ഭക്ഷ്യവിഷബാധ: ഗൗരവകരമായ വിഷയം, ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്നടപടികള് സ്വീകരിക്കുമെന്നും മന്ത്രി

dot image

കൊച്ചി: കാക്കനാട് ഡിഎല്എഫ് ഫ്ളാറ്റില് താമസിക്കുന്നവര്ക്ക് ഭക്ഷ്യവിഷബാധയുണ്ടായ വിഷയത്തില് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഗൗരവകരമായ വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്നടപടികള് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് ഫ്ളാറ്റിലെ ഒരാള് നേരിട്ട് ഫോണില് വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടന് തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തര ഇടപെടലിന് നിര്ദേശം നല്കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചു. ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള് പല ആശുപത്രികളില് ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന് പാടുള്ളൂ എന്നും മന്ത്രി അഭ്യര്ത്ഥിച്ചു.

കാക്കനാട് ഡിഎല്എഫ് ഫ്ളാച്ച് സമുച്ചയത്തിലാണ് താമസക്കാര്ക്ക് ചര്ദ്ദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്. കുടിവെള്ളത്തില് മാലിന്യം കലര്ന്നതാണ് കാരണം. രോഗബാധിതര് വിവിധ ആശുപത്രികളില് ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്ക്കുള്പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള് ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള് ശേഖരിച്ചിട്ടുണ്ട്.

വെള്ളത്തില് പ്രശ്നമുണ്ടായിരുന്നുവെന്ന് ഡിഎല്എഫ് ഫ്ളാറ്റ് അസോസിയേഷന് ഭാരാഹികള് പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. പ്രശ്നം കൂടുതല് രൂക്ഷമാകില്ലെന്ന് കരുതുന്നു. വെള്ളത്തിന്റെ സാമ്പിള് ശേഖരിച്ചിട്ടുണ്ട്. പരിശോധനകള് തുടരും. രോഗബാധയുടെ കാരണം എന്തുമാകാം. എന്തെന്ന് വ്യക്തമല്ല. ആശങ്കപ്പെടേണ്ടതില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ എന്താണ് കാരണം എന്ന് പറയാന് സാധിക്കൂ എന്നും ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികള് പ്രതികരിച്ചു.

സംഭവത്തില് ഫ്ളാറ്റ് അസോസിയേഷനെതിരെ താമസക്കാരും രംഗത്തുവന്നു. ഇകോളി ബാക്റ്റീരിയയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും കൃത്യമായ മുന്നറിയിപ്പ് നല്കിയില്ലെന്നും താമസക്കാരന് അഡ്വ. ഹരീഷ് പറഞ്ഞു.

ഇന്സ്റ്റഗ്രാം ഇന്ഫ്ളുവന്സറുടെ മരണം: മുന് ആണ്സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
dot image
To advertise here,contact us
dot image