തിരുവനന്തപുരം: 'കോളനി' എന്ന പേരുമാറ്റം നേരത്തെ മുതല് ആഗ്രഹിച്ചിരുന്നുവെന്ന് കെ രാധാകൃഷ്ണന് എംഎല്എ. യാഥാര്ത്ഥ്യമായതില് സന്തോഷമുണ്ട്. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്നും കെ രാധാകൃഷ്ണന് പറഞ്ഞു. മന്ത്രി പദം രാജിവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
'കോളനി എന്ന പേരുമാറ്റം നേരത്തെ മുതല് ആഗ്രഹിച്ചതാണ്. അടിമത്തത്തിന്റെ ചിഹ്നമാണ് കോളനി. ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. പേരുമാറ്റം നിരവധി ഘട്ടത്തില് ചര്ച്ച ചെയ്തിരുന്നു. ഓരോ പ്രദേശത്തും ഇഷ്ടമുള്ള പേര് നിര്ദേശിക്കാം. വ്യക്തികളുടെ പേരുകള് ഒഴിവാക്കാം. നിലവില് ഉള്ളതാണെങ്കില് അതിനൊപ്പമുള്ള കോളനി എന്ന പദം ഒഴിവാക്കാം.' കെ രാധാകൃഷ്ണന് പറഞ്ഞു.
കേരളത്തിന്റെ ഏക പ്രതിനിധി ആയതില് വിഷമമുണ്ടോയെന്ന ചോദ്യത്തോട് 'വിഷമിച്ചിട്ട് കാര്യമില്ലല്ലോ. അങ്ങനെ ആയിപ്പോയി. വരുന്നതുവെച്ച് ഡീല് ചെയ്യും. ഓരോ സന്ദര്ഭത്തെയും അതീജിവിക്കാനുള്ള ഇടപെടല് നടത്തും. കൂടുതല് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല. പകരം മന്ത്രിയെ തീരുമാനിച്ചിട്ടില്ല. പാര്ട്ടി തീരുമാനിക്കുമെന്നും കെ രാധാകൃഷ്ണന് പ്രതികരിച്ചു.