കൊച്ചി: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി കേരളം മാറിയെന്ന് കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (കെസിബിസി). മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ അത് പ്രധാന വരുമാന സ്രോതസാക്കി മാറ്റുന്നുവെന്നും കെസിബിസി കുറ്റപ്പെടുത്തി. പുതിയ മദ്യനയം ഭയപ്പെടുത്തുന്നതാണ്. പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കേൾക്കണം. പുതിയ മദ്യനയം നന്മയല്ല മനുഷ്യ സമൂഹത്തിന് ശാപമായി മാറും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ബാറുടമകളും എക്സൈസ് മന്ത്രിയുമായുള്ള ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയായിരുന്നു ബാറുടമകളും എക്സൈസ് മന്ത്രിയുമായുള്ള ചർച്ച.
'ഡ്രൈ ഡേ പിന്വലിക്കല്, ബാര് പ്രവര്ത്തന സമയം കൂട്ടല് ഇവ സര്ക്കാര് ചെയ്തു തരുമ്പോള് തിരികെ എന്തെങ്കിലും ചെയ്യണം , അതിനായി പണപ്പിരിവ് വേണ'മെന്ന ബാറുടമ അനിമോന്റെ ശബ്ദ സന്ദേശമാണ് ഒരിടവേളയ്ക്ക് ശേഷം മദ്യനയം വീണ്ടും ചർച്ചയാകാൻ കാരണം. ശബ്ദ സന്ദേശം വിവാദമായതോടെ അനിമോനെ തള്ളി ബാര് ഉടമകളുടെ അസോസിയേഷന് രംഗത്ത് എത്തി. പിന്നാലെ ശബ്ദ സന്ദേശത്തില് സര്ക്കാര് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ ആദ്യദിവസം മദ്യനയ വിവാദത്തിൽ സഭ സ്തംഭിച്ചിരുന്നു. മദ്യനയത്തില് എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. എക്സൈസ് വകുപ്പ് നോക്കുകുത്തിയായെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചിരുന്നു.