കോഴിക്കോട്: പാലക്കാട് നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ആര് സ്ഥാനാര്‍ത്ഥിയാവും എന്നതൊക്കെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. മറ്റന്നാള്‍ മാത്രമേ കെപിസിസി എക്സിക്യൂട്ടീവ് ചേരൂയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും കോണ്‍ഗ്രസില്‍ നടന്നിട്ടില്ലെന്ന് വടകര എംപി ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. വടകരയില്‍ വിജയിച്ചതിന് ശേഷം പാലക്കാട്ടെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് പിഷാരടി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ്. പിഷാരടി നിയമസഭകളിലും മറ്റു സഭകളിലും എത്തണമെന്നാണ് ആഗ്രഹം. അര്‍ഹര്‍ നിരവധിയുണ്ട്. ഉചിതമായവര്‍ സ്ഥാനാര്‍ത്ഥികളാവും. ആര് ജയിച്ചാലും പ്രതിപക്ഷം ഭരണകൂട വേട്ടയ്ക്കെതിരെ പോരാടുമെന്നും ഷാഫി പറഞ്ഞു.