തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും അഴിച്ചുപണിക്കൊരുങ്ങി കോണ്ഗ്രസ്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ മാറ്റാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്ച്ചയിലാണ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പില് പാർട്ടിക്ക് വലിയ വോട്ടുചോര്ച്ചയുണ്ടായ രണ്ട് മണ്ഡലങ്ങളായിരുന്നു തൃശൂരും തിരുവനന്തപുരവും. രണ്ടിടത്തും ബിജെപി വന് മുന്നേറ്റവുമുണ്ടാക്കി.
പാലോട് രവിയെ നീക്കി പകരം യുവ നേതാക്കളെ പരിഗണിച്ചേക്കും. മുന് എംഎല്എ കെ എസ് ശബരീനാഥന്, ജെ എസ് അഖില്, ആര് വി രാജേഷ് എന്നിവരുടെ പേരുകള്ക്കാണ് മുന്ഗണന. ചെമ്പഴന്തി അനില്, ആനാട് ജയന് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായിരുന്നു തൃശൂരും തിരുവന്തപുരവും. സുരേഷ് ഗോപിയിലൂടെ തൃശൂരില് വിജയിച്ച ബിജെപി കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖരന് മത്സരിച്ച തിരുവനന്തപുരത്തും വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. പിന്നാലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായിരുന്ന ശശി തരൂര് ഡിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തിയ സാഹചര്യവുമുണ്ട്. ജൂണ് 20 ന് ചേരുന്ന ഡിസിസി യോഗത്തില് നിര്ണ്ണായക തീരുമാനങ്ങള് ഉണ്ടാവും.
തോല്വിക്ക് പിന്നാലെ തൃശൂര് കോണ്ഗ്രസ് കമ്മിറ്റിയുടെ താല്ക്കാലിക ചുമതലയിലേക്ക് വി കെ ശ്രീകണ്ഠന് എംപിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്വിക്ക് പിന്നാലെ തൃശൂര് ഡിസിസി ഓഫീസില് കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് നടന്ന കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില് പാര്ട്ടി ആവശ്യപ്പെട്ടതുപ്രകാരം തൃശൂര് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂര് യുഡിഎഫ് ചെയര്മാന് എംപി വിന്സെന്റും രാജി വെച്ചിരുന്നു.