എറണാകുളം: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗ ബാധയിൽ ഫ്ലാറ്റ് അസോസിയേഷന് എതിരെ താമസക്കാർ. കുടിവെള്ളത്തിൽ ഈ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ട് ഫ്ലാറ്റ് അസോസിയേഷൻ മറച്ചുവെച്ചെന്നും ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും രോഗം ബാധിച്ച രണ്ടു വയസ്സുകാരന്റെ കുടുംബം റിപ്പോർട്ടറിനോട്. സംഭവത്തിൽ ആരോഗ്യ വകുപ്പിനും ജില്ലാ കളക്ടർക്കും ഡിഎംഒ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
മെയ് 29നാണ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഈ കോളി ബാക്ടീരിയ കലർന്നിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ ഫ്ലാറ്റ് അസോസിയേഷൻ ഇത് മറച്ചുവച്ചു എന്നാണ് ആരോപണം. മുന്നറിയിപ്പ് നൽകുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ സ്ഥിതി വഷളാകില്ലായിരുന്നുവെന്ന് രോഗം ബാധിച്ച രണ്ടു വയസ്സുകാരന്റെ കുടുംബം റിപ്പോർട്ടറിനോട്. തെറ്റ് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരുന്ന മനോഭാവമാണെന്നും വിഷയത്തെ ഇപ്പോഴും ലളിതമായാണ് കാണുന്നതെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചു.
ഇനി ആ ഫ്ലാറ്റിലേക്ക് തിരിച്ചില്ലെന്നും പ്രായമായ അച്ഛനെ ആശുപത്രിയിൽ നിന്നും നാട്ടിലേക്ക് കൊണ്ടു പോയെന്നും ഇദ്ദേഹം പറഞ്ഞു. ഫ്ലാറ്റിലെ കുടിവെള്ള ശുചീകരണത്തിലെ അപര്യാപ്തതയാണ് അണുബാധയ്ക്ക് കാരണമായതെന്നും ആരോപണമുണ്ട്. അണുബാധയേറ്റ 400 ഓളം ആളുകളാണ് ചികിത്സ തേടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പിനും ജില്ലാ കളക്ടർക്കും ഡിഎംഒ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ആശാ വർക്കർമാരുടെ നേതൃത്വത്തിൽ രോഗബാധിതരുടെ വിവരം ശേഖരിക്കുകയാണ്. ഡിഎംഒയുടെ റിപ്പോർട്ട് വന്നാൽ ആരോഗ്യവകുപ്പ് അടിയന്തര നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പൂവച്ചൽ ഖാദർ മാധ്യമ അവാർഡ്: റിപ്പോർട്ടർ ടിവിക്ക് രണ്ട് പുരസ്കാരങ്ങള്