കണ്ണൂര്: എരഞ്ഞോളിയില് ബോംബ് സ്ഫോടനത്തില് വയോധികന് കൊല്ലപ്പെട്ട സംഭവത്തില് സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം. സംഭവത്തില് സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാര്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലസെക്രട്ടറി എം വി ജയരാജന് പറഞ്ഞു.
സ്ഫോടനം നടന്ന സ്ഥലം സിപിഐഎം കേന്ദ്രമല്ലെന്നാണ് സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ വിശദീകരണം. കോണ്ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള മേഖലയാണ്. കോണ്ഗ്രസ് ഓഫീസിന് സമീപത്താണ് സ്ഫോടനം നടന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും സിപിഐഎം തലശ്ശേരി ഏരിയ കമ്മറ്റി പറഞ്ഞു.
കണ്ണൂര് എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില് തേങ്ങയെടുക്കാന് പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള് പൊലീസ് ഊര്ജിതമാക്കിയിരിക്കുന്നത്. അതേസമയം, പാര്ട്ടി ശക്തികേന്ദ്രത്തില് ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവോടെയെന്നാണ് ബിജെപിയുടെയും കോണ്ഗ്രസിന്റെയും ആരോപണം. ബോംബ് സ്ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതല് സ്ഫോടക വസ്തുക്കള് കണ്ടെത്തിയില്ല.