തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ, അറസ്റ്റിലായ ആൺ സുഹൃത്തിന്റെ മൊബൈലിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും. പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് മുൻ ആൺ സുഹൃത്ത് ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ യുവാവ് പെൺകുട്ടിയുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് സൂചന. യുവാവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ചില ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം.
സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ, പെൺകുട്ടിയുടെ പിതാവിന്റേയും മൊഴി രേഖപ്പെടുത്തും. സൈബർ ആക്രമണം മരണകാരണമായേക്കാം എന്ന നിഗമനം പൊലീസ് തള്ളിക്കളയുന്നില്ല. പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തുന്നതോടെ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലിസിന്റെ നിഗമനം. അതേസമയം പ്രതി ബിനോയിയെ ഇന്നും ചോദ്യം ചെയ്യും. പ്രതിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.