കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ പി ഗോപാല് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പ്രതികരിച്ച് യുവതിയുടെ പിതാവ്. മകളുടെയും അവളുടെ ഭർത്താവിന്റെയും കാര്യത്തിൽ ഇടപെടില്ലെന്ന് പിതാവ് പറഞ്ഞു. മകൾക്ക് 26 വയസ്സുണ്ട്. ആരുടെ കൂടെ പോകണം, എവിടെ പോകണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അവിടെ തന്റെ അഭിപ്രായത്തിന് സാധുതയില്ലെന്നുമാണ് പിതാവ് പ്രതികരിച്ചത്.
മകളെ മർദ്ദിച്ചതിന്റെ പാടുകൾ കോഴിക്കോട്ടെ വീട്ടിലെത്തിയ 26 പേർ കണ്ടതാണ്. അതിൽ 20ഓളം പേർ മുതിർന്നവരാണ്. ആദ്യം കുളിമുറിയിൽ വീണതാണെന്നാണ് അവൾ പറഞ്ഞത്. പിന്നീട് അവൾ തന്നെയാണ് മർദ്ദനമേറ്റതാണെന്ന് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. തന്റെ കൂടെ വരാൻ താത്പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അവൾ പറഞ്ഞു. ഇനി എന്ത് വേണമെന്ന് അവർ തീരുമാനിക്കട്ടെയെന്നും പിതാവ് പറഞ്ഞു.
യുവതിയുമായുള്ള പരാതി ഒത്തുതീര്പ്പായെന്നാണ് രാഹുല് ഹര്ജിയില് പറയുന്നത്. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണ്. അത് പരിഹരിച്ചു. യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടല് മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്ജിയില് പറയുന്നു. യുവതിയുമായുള്ള തര്ക്കം സ്വകാര്യ സ്വഭാവമുള്ളതെന്നും ഹർജിയിൽ പറയുന്നു. രാഹുലുമായുള്ള തര്ക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിലുള്ളത്. ഭര്ത്താവുമായി ഒരുമിച്ച് ജീവിക്കാന് തീരുമാനിച്ചു. പരാതി തുടരുന്നില്ല. മൊഴി നല്കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില് പറയുന്നു.
രാഹുലിന്റെ പരാതിയില് പൊലീസിന് ഹൈക്കോടതി നോട്ടീസ് നല്കിയിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് നടപടി. ഭർത്താവ് മർദ്ദിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയ പറവൂർ സ്വദേശിയായ യുവതി എന്നാൽ ദിവസങ്ങൾക്ക് ശേഷം തന്നെ രക്ഷിതാക്കൾ നിർബന്ധിച്ചാണ് പരാതി കൊടുപ്പിച്ചതെന്നും പറഞ്ഞതെല്ലാം കള്ളമാണെന്നും പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്നായിരുന്നു യുട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തല്. എന്നാൽ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. വീട്ടുകാര്ക്കൊപ്പം പോകാന് താല്പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയപ്പോള് അറിയിച്ച യുവതി ഡല്ഹിയിലേക്ക് തിരിച്ചുപോയിരുന്നു.
യുവതി പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്ന്ന് സംഭവത്തില് പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്ശനം രൂക്ഷമായതോടെയാണ് കേസില് നടപടി ഊര്ജ്ജിതമായത്. തുടര്ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന് സഹായിച്ച സീനിയര് സിവില് പൊലീസ് ഓഫിസര് ശരത്തിന് സസ്പെന്ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്ത്താവ് രാഹുല് ക്രൂരമായി മര്ദ്ദിച്ചെന്നും ഫോണ് ചാര്ജര് കഴുത്തില് കുരുക്കി ബെല്റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമായിരുന്ന പരാതിയിൽ യുവതിയുടെ വെളിപ്പെടുത്തിയിരുന്നത്. എന്നാല് ഇതെല്ലാം യുവതി നിഷേധിക്കുകയും രാഹുൽ തന്നെ ഉപദ്രവിച്ചില്ലെന്ന് വ്യക്തമാക്കി കേസ് തീർക്കാനുള്ള രേഖകൾ ഒപ്പിട്ട് നൽകുകയും ചെയ്തതോടെയാണ് രാഹുലിന്റെ നീക്കം.
ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ, ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം; പന്തീരാങ്കാവ് കേസിൽ രാഹുൽ