കൊച്ചി: പെരിയാര് മത്സ്യക്കുരുതിയില് റിപ്പോര്ട്ടര് എസ്ഐടി വാര്ത്ത ശരിവെച്ച് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. സള്ഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവാണ് മീനുകള് ചത്തൊടുങ്ങാന് കാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. കുഫോസാണ് പോസ്റ്റ്മോര്ട്ടം നടത്തിയത്. പെരിയാര് മലിനമായി ഒരു മണിക്കൂറിനുള്ളില് മീനുകള് ചത്തുപൊങ്ങി. അതിവേഗമാണ് രാസവസ്തുക്കള് പെരിയാറില് കലര്ന്നത് എന്നാണ് കണ്ടെത്തല്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്ധിപ്പിച്ചത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണ സംവിധാനങ്ങള് ഒരുക്കണമെന്നും കുഫോസ് നിര്ദേശിച്ചു. റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചിട്ടുണ്ട്.
രാസമാലിന്യങ്ങൾക്കൊപ്പം പെരിയാറിൽ ജൈവമാലിന്യങ്ങളും അടിഞ്ഞു കൂടുന്നുവെന്ന് റിപ്പോർട്ടർ ടിവി അന്വേഷണത്തില് കണ്ടെത്തിയിരുന്നു. സമീപത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പെരിയാറിലേക്ക് കാനകളിലൂടെ മാലിന്യം തള്ളുന്നു എന്നാണ് ആരോപണം. പൊതുജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ല. അടിഞ്ഞുകൂടുന്ന ജൈവമാലിന്യങ്ങൾ പെരിയാറിലെ വെള്ളത്തിൻ്റെ ഘടന മാറ്റുന്നുണ്ട്. അറവുശാല മാലിന്യവും ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം തള്ളുന്ന ഇടമാണ് ഇന്ന് പെരിയാർ. പാമ്പുകളും മത്സ്യങ്ങളുമെല്ലാം ഇപ്പോഴും ചത്തുപൊങ്ങി കിടക്കുന്നുണ്ട്.
പെരിയാറില് രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില് കീടനാശിനിയുടെ അളവും കണ്ടെത്തിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയും നാഷണല് എന്വയോണ്മെന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില് ഉയര്ന്ന അളവില് കീടനാശിനി കലര്ന്നിട്ടുണ്ടന്ന് കണ്ടെത്തിയത്. പെരിയാറിലെ വെള്ളത്തില് രാസമാലിന്യം പോലെ തന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്ന്നിട്ടുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ കെമിക്കല് ഓഷിനോഗ്രഫി ഡിപ്പാര്ട്ട്മെന്റും കേന്ദ്ര സര്ക്കാറിന് കീഴിലുള്ള നാഷണല് എന്വയോണ്മെന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടും പല ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളിലായിരുന്നു ഈ ഞെട്ടിക്കുന്ന കണ്ടെത്തല്.