കൊച്ചി: പെരിയാറിലെ രാസമാലിന്യങ്ങള് സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളെയെല്ലാം മലിനമാക്കി. ഏലൂര്- ഇടയാര് മേഖലകളിലെ കിണര് വെള്ളം മുഴുവന് മലിനമാണെന്നാണ് പഠന റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ഏലൂര് നഗരസഭയിലെ കിണറുകളടക്കം മുഴുവന് ശുദ്ധജല സ്രോതസുകളും മലിനമായതിനെ തുടര്ന്ന് ഇവിടുത്തെ മുവ്വായിരത്തോളം കുടുംബങ്ങള്ക്ക് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുകയാണ്.
രാസമാലിന്യം നിറഞ്ഞിരിക്കുന്ന പെരിയാറിന്റെ തീരപ്രദേശങ്ങളിലെ മണ്ണും വായുവും പൂര്ണമായും മലിനമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ കെമിക്കല് ഓഷ്യാനോഗ്രഫി വകുപ്പും സുപ്രീംകോടതി നിരീക്ഷണ സമിതി നിയോഗിച്ച പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയും ഇത് പഠിച്ച് റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ട്.
പ്രാദേശിക പരിസ്ഥിതി കമ്മിറ്റി ഏലൂരിലെ ആറ് വാര്ഡുകളിലെ കിണറുകളില് നടത്തിയ പരിശോധനയില് കിണര് വെള്ളം പൂര്ണമായും മലിനമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്ന്നാണ് ഏലൂര് നഗരസഭയിലെ 3,000ത്തോളം വീടുകളെ സൗജന്യ കുടിവെള്ള പദ്ധതിക്ക് കീഴില് കൊണ്ടുവന്നത്. ഗ്രൗണ്ട് വാട്ടര് മലിനീകരണം നടത്തിയതിന് ഐആര്ഇ, എച്ച്ഐഎല്, ഫാക്ട്, മെര്ക്കം എന്നീ നാല് വ്യവസായ ശാലകളില് നിന്ന് മലിനീകരണ നിയന്ത്രണ ബോര്ഡ് പിഴ ഈടാക്കിയാണ് വാട്ടര് അതോറിറ്റിയില് നിന്ന് സൗജന്യ ശുദ്ധജല വിതരണം സാധ്യമാക്കിയത്.
വ്യവസായശാലകള് നിയന്ത്രണമൊട്ടുമില്ലാതെ പെരിയാറിലേക്ക് ഒഴുക്കി വിടുന്ന രാസമാലിന്യം ഒരു ജനതയുടെ ആവാസ വ്യവസ്ഥയുടെ അടിവേരാണ് അറുക്കുന്നത്. പെരിയാറിലെ വിഷം അനുനിമിഷം ഇരുകരകളിലേക്കും അരിച്ചിറങ്ങുമ്പോള് ഇവിടുത്തെ മണ്ണും വെള്ളവുമെല്ലാം വിഷമയമാകുന്നു. പെരിയാറിലെ രാസമാലിന്യം ഒരു ദേശത്തെ മുഴുവന് വിഴുങ്ങുന്നത് എത്രയോ കാലമായി അധികൃതര് വെറുതെ കണ്ടു നില്ക്കുകയാണ്.
കൊലക്കേസ് പ്രതിയുടെ ജയില്വാസം സര്വീസാക്കാന് നീക്കം; ഇടപെട്ട് സിപിഐഎം നേതാക്കള്