'കുലീനരെ ഉദാത്തരെ പാവങ്ങളുടെ പണം കൊടുക്കൂ'; 'ആവേശം'പാട്ടുപാടി വിഷ്ണുനാഥ്, ആത്മാർത്ഥമല്ലെന്ന് മന്ത്രി

സാമൂഹിക പെന്ഷന് കുടിശ്ശിക സഭനിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് നോട്ടീസ് നല്കിയിരുന്നു.

dot image

തിരുവനന്തപുരം: സാമൂഹിക പെന്ഷന് കുടിശ്ശിക അടിയന്തര പ്രധാന്യമുള്ള വിഷയമായി ചര്ച്ചയ്ക്കെടുക്കാത്തതിലൂടെ തിരഞ്ഞെടുപ്പ് ഫലത്തില് നിന്നും സര്ക്കാര് പാഠം പഠിക്കുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടതെന്ന് പി സി വിഷ്ണുനാഥ് എംഎല്എ. ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്ഷന് കൊടുക്കാനുണ്ടായിരുന്നുവെന്ന നുണ കെ എന് ബാലഗോപാല് ഇത്തവണയും ആവര്ത്തിച്ചു. മൂന്ന് മാസത്തെ പെന്ഷന് മാത്രമാണ് കുടിശ്ശികയായി ഉണ്ടായിരുന്നതെന്നും തോമസ് ഐസക് പുറത്തിറക്കിയ ധവള പത്രം ഉയര്ത്തി പി സി വിഷ്ണുനാഥ് സഭയില് പ്രതിരോധിച്ചു. സാമൂഹിക പെന്ഷന് കുടിശ്ശിക സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് നോട്ടീസ് നല്കിയിരുന്നു.

പെന്ഷന് 2,500 രൂപയാക്കുമെന്നും മുടങ്ങാതെ വിതരണം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി അധികാരത്തിലെത്തിയ സര്ക്കാര് അത് പാലിക്കുന്നില്ല. പെട്രോളിനും ഡീസലിനും കേന്ദ്രം വില ഉയര്ത്തിന് പുറമെ രണ്ട് രൂപ സംസ്ഥാനവും വര്ധിപ്പിച്ചു. മദ്യസെസ് കൂട്ടി എന്നിട്ടും സാമൂഹിക പെന്ഷന് വിതരണം ചെയ്യുന്നില്ല. കെട്ടിട നിര്മ്മാണ ക്ഷേമനിധി പെന്ഷന് മുടങ്ങിയിട്ട് ഒരു വര്ഷമായി, ഈറ്റ കാട്ടുവള്ളി തൊഴിലാളി പെന്ഷന്, കശുവണ്ടി തൊഴിലാളി പെന്ഷന്, കൈത്തറി തൊഴിലാളി പെന്ഷന്, തോട്ടം തൊഴിലാളി ക്ഷേമനിധി പെന്ഷന്, അസംഘടിത തൊഴിലാളി ക്ഷേമനിധി പെന്ഷന്, തയ്യല്തൊഴിലാളി ക്ഷേമനിധി പെന്ഷന്, ബീഡി ചുരുട്ടു തൊഴിലാളി, ക്ഷീരകര്ഷക പെന്ഷന്, ഖാദി ക്ഷേമനിധി പെന്ഷന്, കയര് തൊഴിലാളി പെന്ഷന്, വ്യാപാരതൊഴിലാളി പെന്ഷന് എന്നിവയെല്ലാം അഞ്ച് മുതല് ഒരുവര്ഷം വരെ കുടിശ്ശികയാണെന്നും പി സി വിഷ്ണുനാഥ് സഭയില് ചൂണ്ടികാട്ടി. കേരളീയത്തിനും നവകേരളത്തിനും പണമുണ്ടെന്നും പി സി വിഷ്ണുനാഥ് വിമര്ശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്വിയുടെ കാരണം അവലോകനം ചെയ്യാന് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാനസമിതിയും ചേരേണ്ടതില്ല, പുറത്തേക്കിറങ്ങി ഒരു തൊഴിലാളിയെ കണ്ടുചോദിച്ചാല് മതി. 'കുലീനരെ ഉദാത്തരെ ശുദ്ധ മര്ത്യരെ പാവങ്ങളുടെ പണം കൊടുക്കൂ ' എന്ന ആവേശം സിനിമയിലെ പാട്ടിലെ വരികള് പാടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ പരിഹാസം.

അതേസമയം പ്രമേയത്തില് യാതൊരു ആത്മാര്ത്ഥതയും ഇല്ല. സഭയില് ആധികാരികമായ ഒരു രേഖും കാണിക്കാന് കഴിഞ്ഞില്ലെന്നും കെ എന് ബാലഗോപാല് പറഞ്ഞു. കോണ്ഗ്രസ് ഭരിക്കുന്ന കര്ണ്ണാടകയില് പെട്രോളിനും ഡീസലിനും മൂന്നര രൂപ കൂട്ടിയെന്ന് കെഎന് ബാലഗോപാല് ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷം ബഹളം വെച്ചു. പിന്നാലെ കര്ണ്ണാടകയെന്ന് പറയുമ്പോള് എന്തിനാണ് ബഹളം വെക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു.

നവകേരള ബസ്സിനെ കുറിച് എന്തൊക്കെയാണ് പറഞ്ഞത്. എന്ത് ആര്ഭാടമാണ് സര്ക്കാര് നടത്തിയതെന്ന് പ്രതിപക്ഷം പറയണം. പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും സൗകര്യങ്ങള് തമ്മില് എന്ത് വ്യത്യാസമാണ് ഉള്ളത്. കര്ണാടകയില് ഇതാണോ സ്ഥിതിയെന്നും ബാലഗോപാല് ചോദിച്ചു.

dot image
To advertise here,contact us
dot image