കോഴിക്കോട്: കാഫിര് പ്രയോഗം അടങ്ങുന്ന സ്ക്രീന് ഷോട്ട് പ്രചരിപ്പിച്ച കേസില് ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അമ്പാടി മുക്ക് സഖാക്കള്, പോരാളി ഷാജി എന്നീ സോഷ്യല് മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ വിവരങ്ങള് തേടിയാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് പൊലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്.
ഈ പേജുകളിലായിരുന്നു കാഫിര് പ്രയോഗത്തിന്റെ വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. കാഫിര് സ്ക്രീന് ഷോട്ട് നിര്മ്മിച്ചത് ലീഗ് പ്രവര്ത്തകന് ഖാസിം അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കേസില് സൈബര് ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. ഫേസ്ബുക്കില് നിന്ന് വിവരങ്ങള് ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
കാഫിര് പരാമര്ശം ഉള്പ്പെട്ട പോസ്റ്റുകള് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല് ഓഫീസറെ പ്രതിചേര്ത്തിട്ടുണ്ട്. സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണ് പരിശോധിച്ച് മഹ്സര് തയ്യാറാക്കിയിരുന്നു. കെ കെ ലതികയുടെ എഫ്ബി പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് പൊലീസിന്റെ വാദം. കേസില് ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.