പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ,മുസ്ലിംകൾക്കാണ് പ്രത്യേക പരിഗണനയും പരിരക്ഷയും: വെള്ളാപ്പള്ളി

'ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പറഞ്ഞത്. പിന്നാക്കക്കാരനും അധസ്ഥിതനും ഒന്നും കിട്ടുന്നില്ല'

dot image

ആലപ്പുഴ: മുസ്ലിം വിരുദ്ധത പറഞ്ഞെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിംകളെ തള്ളി പറഞ്ഞിട്ടില്ല, ക്രിസ്ത്യാനിയെ പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പറഞ്ഞത്. പിന്നാക്കക്കാരനും അധസ്ഥിതനും ഒന്നും കിട്ടുന്നില്ല, രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണ്. സിപിഐഎം സീറ്റുപോലും കേരളാ കോൺഗ്രസിന് കൊടുത്തു. സിപിഐ സീറ്റ് ആർക്കാണ് കൊടുത്തത്? മുസ്ലിം സമുദായത്തിൽ നിന്ന് 10 പേരെങ്കിലുമുണ്ടോ ആ പാർട്ടിയിൽ? കാര്യം പറയുമ്പോൾ മുസ്ലിം വിരോധിയാക്കുകയും ജാതി പറഞ്ഞുവെന്ന് പറയുകയും ചെയ്യരുത്. സാമൂഹിക നീതിയെ കുറിച്ചാണ് പറയുന്നതെന്നും സമചിത്തതയോടും ക്ഷമയോടെയും ചിന്തിച്ചാൽ സത്യം മനസിലാകുമെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

ജാതിചിന്ത ഉണ്ടാകുന്നത് ജാതി വിവേചനം ഉണ്ടാകുമ്പോഴാണ്. പിന്നാക്കക്കാരെ ആരും പരിഗണിക്കുന്നില്ലല്ലോ, പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണ്. പറയുമ്പോൾ ചാടി വീണ് എതിർത്തിട്ട് കാര്യമില്ല. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കണം. മുസ്ലിംകൾക്ക് പ്രത്യേക പരിഗണനയും പരിരക്ഷയും നൽകുന്നുണ്ട്. നവോത്ഥാനത്തിന്റെ ലക്ഷ്യവും എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യവും രണ്ടാണ്. എസ്എൻഡിപി യോഗം അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന സമര സംഘടനയാണ്. യോഗം ജനറൽ സെക്രട്ടറി കുമാരനാശാൻ പ്രജാസഭയിൽ എത്രയോ പ്രാവശ്യം ഇത് പറഞ്ഞിട്ടുണ്ട്. ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണെന്നും ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യ എൻഡിഎ കൺവൻഷനിൽ പങ്കെടുത്തത് അറിഞ്ഞില്ലെന്നും പങ്കെടുത്തത് സത്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ കൺവെൻഷനിൽ പങ്കെടുത്തു എന്ന് പറഞ്ഞ് ഭാര്യയെ ഉപേക്ഷിക്കാൻ ഒക്കുമോ? തനിക്ക് എൻ്റെ അഭിപ്രായം, ഭാര്യക്ക് ഭാര്യയുടെ അഭിപ്രായം. രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തെ വന്ധ്യംകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് ശേഷം സിപിഐഎമ്മിൽ ആരുണ്ട്? രണ്ടാം നിരയിൽ ആരുണ്ട്? കോൺഗ്രസിൽ ഒരു സുധാകരനുണ്ട്. അതും വന്ധ്യംകരിച്ച നേതൃത്വമാണ്. എല്ലാ മുന്നണികളും രാഷ്ട്രീയ വന്ധ്യംകരണം നടത്തിയാണ് ഈഴവരെ നിർത്തിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'ഇന്നലെ വന്നവർ സ്ഥാനങ്ങൾ ചാടിക്കയറി പോകുകയാണ്. എസ്എൻഡിപി എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഞാൻ എന്നെക്കൊണ്ട് ഒക്കുന്ന നിലയിൽ സഹായിച്ചിട്ടേയുള്ളു. പക്ഷേ ആലപ്പുഴയിൽ അതിന് നിന്നില്ല, അതിന് കാരണമുണ്ട്. കഴിഞ്ഞ തവണ ജയിച്ച ശേഷം ആരിഫ് പറഞ്ഞത് വെള്ളാപ്പള്ളി പിന്തുണച്ചതുകൊണ്ട് വോട്ടു കുറഞ്ഞെന്നാണ്. ആരിഫിനെ ഇവിടെ നിർത്താൻ പാടില്ലെന്ന് പറഞ്ഞയാളാണ് ഞാൻ. അങ്ങോട്ടുപോയി പറഞ്ഞതല്ല, ഉത്തരവാദപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വന്ന് ചോദിച്ചപ്പോൾ പറഞ്ഞതാണ്. പാർട്ടി അണികളിൽ ആരിഫിന് ഒരു ഇമേജും ഉണ്ടായിരുന്നില്ല. മുസ്ലിം സമുദായം പോലും ആരിഫിന് വോട്ട് ചെയ്തില്ല. മോദി ഭരണം തീർക്കണമെന്ന അജണ്ടയാണ് മുസ്ലിം സമുദായം നടപ്പാക്കിയത്. പ്രീണനം നടത്തിയപ്പോൾ ഹൈന്ദവ വോട്ട് എതിരായില്ലേ', വെള്ളാപ്പള്ളി ചോദിച്ചു.

തോൽവിയുടെ ഉത്തരവാദിത്തം മുഴുവൻ പിണറായിയുടെ തലയിൽ വെക്കുകയാണ്. തുടർഭരണം കിട്ടിയപ്പോൾ പിണറായി നല്ലതായിരുന്നു. ലോക്സഭാ തോൽവി പിണറായിയുടെ മാത്രം കുഴപ്പമാണോ? കൂടെയുള്ളവർ മോശമാണ്. മന്ത്രിസഭയിലെ ചിലർക്ക് ഭരണപരിചയക്കുറവുണ്ട്. ചിലർക്ക് ധാർഷ്ട്യമുണ്ട്. കൂട്ടുത്തരവാദിത്തമാണുള്ളതെന്ന് മനസിലാക്കുകയും തിരുത്താൻ തയ്യാറാവുകയും ചെയ്താല് സിപിഐഎമ്മിന് കൊള്ളാം. ഈഴവൻ്റെ വോട്ട് നഷ്ടപ്പെട്ടെന്ന് പറയുന്നു, പോയെങ്കിൽ കാരണം കണ്ടെത്തുകയാണ് വേണ്ടതെന്നും സിപിഐഎമ്മിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. ആ കാരണത്തിന് പരിഹാരം ഉണ്ടാക്കിയാൽ എൽഡിഎഫിന് ഇനിയും അവസരമുണ്ടാകും.

എസ്എൻഡിപിയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. എസ്എൻഡിപിക്കാരൻ എന്ന നിലയിൽ താൻ ഒരു കാര്യത്തിനും ബിജെപിക്കാർക്ക് വേണ്ടി പ്രചരണത്തിന് പോയിട്ടില്ല. പോകാനുള്ള ഉദ്ദേശവും തൽക്കാലമില്ല. അടിസ്ഥാന വർഗത്തിൻ്റ ആളായിട്ടാണ് വളർന്നുവന്നത്. എന്നും അങ്ങനെ തന്നെയായിരിക്കും. സംഘടിത മതശക്തികൾക്ക് സമ്മർദം ചെലുത്തി അവസരങ്ങൾ വാങ്ങാനുള്ള കഴിവുണ്ട്, തങ്ങൾക്ക് അതില്ല. പാർട്ടിക്ക് കുറേക്കൂടി പ്രായോഗിക ചിന്ത വേണം. ചോര കൊടുത്തും നീര് കൊടുത്തും വളർത്തിയ പ്രസ്ഥാനമാണ്. ധാരാളം ചെറുപ്പക്കാരുണ്ട്, പക്ഷേ ഇന്നലെ വന്നവർക്ക് എല്ലാം കൊടുക്കുന്നു. അതിൽ ഇടതുപക്ഷത്ത് അതൃപ്തിയുണ്ടെന്നും വെള്ളാപ്പള്ളി റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us