തിരുവനന്തപുരം: മുതലപ്പൊഴിയില് അപകടങ്ങള് തുടര്ക്കഥയാകുന്നു. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാത്ത അധികൃതര്ക്കെതിരെ വ്യാപക വിമര്ശനമാണ് ഉയരുന്നത്. ഇന്ന് പുലര്ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില് മത്സ്യത്തൊഴിലാളിക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. ഇന്ന് രാവിലെ മാത്രം രണ്ട് അപകടങ്ങളാണ് മുതലപ്പൊഴിയിലുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള് റിപ്പോര്ട്ടറിന് ലഭിച്ചു. മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ന് പുലര്ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില് അഞ്ച് തെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെടുകയായിരുന്നു. ഇനിയാര്ക്കും ഇങ്ങനെയൊരു അപകടമുണ്ടാകരുതെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും വിക്ടറിന്റെ കുടുംബം ആവശ്യപ്പെട്ടു.
'കുടുംബത്തിന്റെ ഏക തുണയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റാരും ഞങ്ങള്ക്കില്ല. ഞങ്ങളുടെ ഏക തുണ അച്ഛനായിരുന്നു. ഞങ്ങള് മൂന്ന് മക്കള്ക്ക് വേറെയാരുമില്ല. രണ്ട് വര്ഷത്തിന് മുന്പും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് കല്ലിന്റെ ഇടയില് പെട്ടു പോവുകയായിരുന്നു. എല്ലാവരും ചേര്ന്നാണ് കല്ലിനിടയില് നിന്ന് അച്ഛനെ ഊരിയെടുത്തത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടാണ് അതിന് ശേഷം അച്ഛന് വീണ്ടും പണിക്ക് പോയി തുടങ്ങിയത്.
അച്ഛന് കൊണ്ടുവരുന്ന ഒരു നേരത്തേ മീനായാലും അതാണ് ഞങ്ങള് കഴിക്കുന്നത്. എന്റെ ഭര്ത്താവ് സുഖമില്ലാത്തയാളാണ്. ഒരു അനുജനും അനുജത്തിയുമുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഒരു വീട്ടില് വാടകയ്ക്ക് കഴിയുന്നത്. ഒരു പൊളിഞ്ഞ കൂട്ടിലാണ് അച്ഛന് കിടന്നിരുന്നത്. ഇനി ഇതുപോലെ ഒരു ജീവന് കൂടെ പോകാന് ദയവ് ചെയ്ത് വഴിവെക്കരുത് നിങ്ങള്. ഈ അപകടം ഒഴിവാക്കാനള്ളത് ചെയ്യണം. ഞങ്ങളുടെ ഏക ആശ്രയമാണ് പോയത്', വിക്ടറിന്റെ മകള് പ്രതികരിച്ചു.
'അച്ഛനായിരുന്നു ഏക തുണ, ഇനിയും ഒരു ജീവൻ പോകാൻ വഴിവെക്കരുത്'; വിക്ടറിന്റെ മകൾ