കൊച്ചി: ലൈംഗിക പീഡനക്കേസില് സംവിധായകന് ഒമര് ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി. ഇക്കാര്യം ആവശ്യപ്പെട്ട് കേസില് കക്ഷി ചേര്ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര് ലുലുവിന്റെ വാദങ്ങള് തെറ്റാണെന്ന് ഹര്ജിയില് പറയുന്നു. ഹര്ജി ജസ്റ്റിസ് സി എസ് ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.
നേരത്തെ ഒമര് ലുലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. മുന്കൂര് ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല് 50,000 രൂപയുടെ ആള്ജാമ്യത്തില് വിട്ടയക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സിനിമയില് അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസില് നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസിന് പിന്നില് വ്യക്തിവിരോധം ആണെന്നാണ് ഒമര് ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര് ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകന് ആരോപിച്ചു.