കൊല്ലം: എം മുകേഷ് മോശം സ്ഥാനാർത്ഥിയായിരുന്നുവെന്ന് കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിമർശനം. എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ നടക്കുന്ന തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിലാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും ഇ പി ജയരാജനും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന വെളിപ്പെടുത്തൽ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ എൻ കെ പ്രേമചന്ദ്രനെതിരെ മുകേഷ് എംഎൽഎയെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. ഈ തീരുമാനത്തെയാണ് പാർട്ടി ജില്ലാ നേതൃത്വം ഇപ്പോൾ വിമർശിച്ചിരിക്കുന്നത്.
സിപിഐഎം സംസ്ഥാന കമ്മിറ്റിയിലും കടുത്ത ഭാഷയിലാണ് നേതാക്കൾക്ക് നേരെ വിമർശനം ഉയർന്നത്. പേരെടുത്ത് പറഞ്ഞായിരുന്നു വിമര്ശനം. മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞാണ് സമിതി അംഗങ്ങളുടെ വിമര്ശനം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന് എന്തിന് കണ്ടെന്ന് വിശദീകരിക്കണമെന്ന ആവശ്യം ഉയര്ന്നു. കണ്ണൂരില് നിന്നുള്ള മുതിര്ന്ന നേതാവും ഇക്കാര്യം ആവശ്യപ്പെട്ടു.
കല്യാണ വീട്ടിലോ ബസ്സിലോ ട്രെയിനിലോ വെച്ച് ബിജെപി നേതാക്കളെ കാണുമ്പോള് സംസാരിക്കുക പതിവാണ്. അത് കേരളത്തിന്റെ മര്യാദ. വടക്കേ ഇന്ത്യയില് ചിലപ്പോള് സംസാരിക്കില്ലായിരിക്കും. എന്നാല് വീട്ടില് വന്നുകാണുന്നത് അതുപോലെയല്ല. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി വിശദീകരിച്ചേ മതിയാകൂയെന്നാണ് സംസ്ഥാന സമിതിയില് ഉയര്ന്ന ആവശ്യം.
മാതൃക കാണിക്കേണ്ടവര് തന്നെ വിവാദങ്ങള് ഉണ്ടാക്കിയെന്നും വിമര്ശനമുണ്ടായി. പാര്ലമെന്റ് തിരഞ്ഞെടുപ്പില് മുന്നോടിയായി തയ്യാറാക്കിയ രേഖയില് പ്രതികരണങ്ങളിലും മറ്റും ജാഗ്രത പുലര്ത്തണം എന്ന് നിഷ്കര്ഷിച്ചിരുന്നു. ഈ തീരുമാനം തങ്ങളോട് പറഞ്ഞത് ആരാണ്. നേതൃത്വം അല്ലേ? അങ്ങനെ പറഞ്ഞ നേതാക്കള് തന്നെ തീരുമാനം ലംഘിച്ചു. അതാണ് വിവാദങ്ങള് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രിയുടെയും എ കെ ബാലന്റെയും എംവി ഗോവിന്ദന്റെയും പേരെടുത്തു പറഞ്ഞായിരുന്നു ഈ വിമര്ശനം.
യോഗങ്ങളില് സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ലോകത്തോടാണ് സംസാരിക്കുന്നത് എന്ന കാര്യം നേതാക്കള് മറന്നു. ഈ ജാഗ്രത കുറവാണ് വിവാദങ്ങള് ക്ഷണിച്ചുവരുത്തിയതെന്നും വിമര്ശനമുണ്ടായി. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോക്കെതിരെയും കടുത്ത വിമര്ശനമാണ് സംസ്ഥാന സമിതിയിലുണ്ടായത്. സിദ്ധാര്ത്ഥന് കേസിലടക്കം ആര്ഷോയുടെ സമീപനം തിരിച്ചടിയായി. എസ്എഫ്ഐ നേതൃത്വത്തില് ശക്തമായ തിരുത്തല് വേണമെന്നും അംഗങ്ങള് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി,എ കെ ബാലന്, എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞ് സംസ്ഥാന സമിതിയില് വിമര്ശനം