ചെന്നൈ: കള്ളാക്കുറിച്ചി വിഷ മദ്യ ദുരന്തത്തില് തമിഴ്നാട് സര്ക്കാരിനെ രൂക്ഷഭാഷയില് വിമര്ശിച്ച് മദ്രാസ് ഹൈക്കോടതി. മുന് അനുഭവത്തില് നിന്നും പാഠം ഉള്ക്കൊണ്ട് വിഷമദ്യ വില്പ്പന തടയാന് സര്ക്കാര് സ്വീകരിച്ച നടപടികള് അറിയിക്കണമെന്ന് കോടതി സര്ക്കാരിനോട് നിര്ദേശിച്ചു. സംഭവത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഐഎഡിഎംകെ നല്കിയ ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ഡി കൃഷ്ണകുമാര്, ജസ്റ്റിസ് കെ കുമരേഷ് ബാബു എന്നിവരുടെ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.
'വിഷയം സര്ക്കാരിന് നിസ്സാരമായി കാണാനാകില്ല. ജീവന്റെ പ്രശ്നമാണ്. നേരത്തെയും സമാന സംഭവങ്ങള് ഉണ്ടായി. കഴിഞ്ഞ ഒരു വര്ഷം സര്ക്കാര് ഇക്കാര്യത്തില് സ്വീകരിച്ച നടപടികള് അറിയിക്കണം.' ജസ്റ്റിസ് കൃഷ്ണകുമാര് നിര്ദേശിച്ചു.
വ്യാജ മദ്യം സുലഭമാണെന്ന് ചൂണ്ടികാട്ടുന്ന വാര്ത്തകള് പുറത്തുവന്നിരുന്നുവെന്നും കള്ളാകുറിച്ചി സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില് യൂട്യൂബ് വീഡിയോസ് തന്റെ ശ്രദ്ധയിലും വന്നിട്ടുണ്ടെന്ന് ജസ്റ്റിസ് കുമരേഷ് ബാബു ചൂണ്ടികാട്ടി. നിങ്ങള്ക്കിത് ഒളിച്ചുവെക്കാനാകില്ലെന്നും മാധ്യമങ്ങളിലും പത്രവാര്ത്തകളിലും യൂട്യൂബിലും ഇത് സംബന്ധിച്ച ആരോപണങ്ങള് നിലനില്ക്കുന്നുണ്ടെന്നും കുമേരേഷ് ബാബു സര്ക്കാരിനെ വിമര്ശിച്ചു.
1937 ലെ നിയമപ്രകാരം തമിഴ്നാട്ടില് വ്യാജ മദ്യം വില്പ്പന നിരോധനം നിലനില്ക്കുന്നുണ്ടെങ്കിലും 2021 മുതല് ഇവ സുലഭമായി ലഭ്യമാണെന്നാണ് എഐഎഡിഎംകെ ഹര്ജിയില് ചൂണ്ടികാട്ടുന്നത്. വില്പ്പന തടയാന് തമിഴ്നാട് സര്ക്കാര് പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എഐഎഡിഎംകെ ഹര്ജിയിലൂടെ അറിയിച്ചു.