തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള വന്ധ്യംകരണ പദ്ധതി പാളി. തെരുവ് നായ്ക്കൾക്ക് കൃത്യമായ ഇടവേളയിൽ പേവിഷപ്രതിരോധ വാക്സിനും നൽകുന്നില്ല. ആറുമാസത്തിനിടെ സംസ്ഥാനത്ത് 12 പേരാണ് പേവിഷം ബാധിച്ചു മരിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ നായ്ക്കളുടെ ആക്രമണമേറിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഫയലിൽ ഉണ്ട്. നായ്ക്കളാകട്ടെ തെരുവിലും. നായ്ക്കയുടെ വന്ധ്യംകരണവും കൃത്യമായ വാക്സിനേഷനും ഷെൽട്ടറും വർഷം പലത് പിന്നിടുമ്പോഴും എങ്ങും എത്തിയിട്ടില്ല. ഷെൽട്ടർ പണിയാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സ്ഥലം കിട്ടാനില്ല. സർക്കാരായിട്ട് ഭൂമി വിട്ടു നൽകുന്നുമില്ല.
ഈ ഘട്ടത്തിൽ തെരുവ് നായ്ക്കളെ പിടികൂടി മാറ്റിപ്പാർപ്പിച്ച് കൃത്യമായ വാക്സിനേഷന് തടസ്സങ്ങൾ ഉണ്ടെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്ത് തുറന്നു വിടാൻ എബിസി പദ്ധതി തയ്യാറാക്കി. 20 എബിസി സെന്ററുകൾ തുടങ്ങുമെന്ന് തദ്ദേശ മന്ത്രി പ്രഖ്യാപിച്ചു. ഇതിൽ 15 എണ്ണം നിർമ്മാണ പുരോഗതിയിൽ ആണെന്ന് പറഞ്ഞിട്ടിപ്പോള് വർഷം ഒന്നു കഴിഞ്ഞു. പണിതിട്ടും പണിതിട്ടും തീരാത്തതാണോ എന്നതാണ് ഉയരുന്ന ചോദ്യം.
ആറുമാസത്തിനിടെ നായ്ക്കളുടെ കടി ഏറ്റവരുടെ എണ്ണം അരലക്ഷത്തിലധികം വരും. കഴിഞ്ഞവർഷം വാങ്ങിയതിനേക്കാൾ 15 ശതമാനം കൂട്ടിയാണ് ഇത്തവണ പേവിഷപ്രതിരോധ വാക്സിൻ വാങ്ങാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ വിളിച്ചത്. മൂന്നുലക്ഷത്തിനാൽപ്പത്തിയയ്യായിരം വയൽ വാക്സിൻ ആണ് വാങ്ങുന്നത്.