'10 ലക്ഷം നൽകി ജോലിക്ക് കയറി, തസ്തികയില്ലെന്ന് അറിഞ്ഞത് മൂന്ന് മാസം കഴിഞ്ഞ്'; പ്രവീണിനെതിരെ അധ്യാപിക

മൂന്ന് മാസം ജോലി ചെയ്തു. സ്കൂളിൽ എഇഒ വന്നപ്പോഴാണ് ടീച്ചർ തസ്തിക ഒഴിവില്ലെന്ന് അറിയുന്നതെന്നും ആര്യ ടീച്ചർ

dot image

തൃശൂർ: അധ്യാപകരെ ലക്ഷങ്ങള് വാങ്ങി കബളിപ്പിച്ച കേസിൽ സ്കൂള് മാനേജര് വി സി പ്രവീണ് അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി അധ്യാപിക. സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടാണ് പ്രവീണിനെ സമീപിച്ചതെന്ന് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിയായ ആര്യ ടീച്ചർ റിപ്പോർട്ട് ടിവിയോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടാണ് പ്രവീണിനെ സമീപിച്ചത്. 30 ലക്ഷം രൂപയാണ് എൽപി ടീച്ചർ നിയമനത്തിനായി ആവശ്യപ്പെട്ടത്. ആദ്യം 10 ലക്ഷം രൂപ നൽകി. 20 ലക്ഷം പിന്നീട് നൽകാമെന്ന് പറഞ്ഞു. ഇടനിലയായി സംസാരിച്ചത് കൊല്ലം സ്വദേശിയായ ദർശന ടീച്ചറാണ്. സ്കൂൾ മാനേജരാണ് ദർശന ടീച്ചറോട് സംസാരിക്കാൻ ആവശ്യപ്പെട്ടത്. സ്കൂളിൽ ഒഴിവുണ്ടെന്ന് ദർശന ടീച്ചറാണ് തന്നെ അറിയിച്ചത്. മൂന്ന് മാസം സ്കൂളിൽ ജോലി ചെയ്തു. അപ്പോഴേക്കും സ്കൂളിൽ എഇഒ പരിശോധനയ്ക്ക് വന്നു. അപ്പോഴാണ് ടീച്ചർ തസ്തിക ഒഴിവില്ലെന്ന് അറിയുന്നതെന്നും ആര്യ ടീച്ചർ വ്യക്തമാക്കി.

ഇന്ന് കയ്പമംഗലം പൊലീസ് വീട്ടിലെത്തിയാണ് വി സി പ്രവീണിനെ അറസ്റ്റ് ചെയ്തത്. അധ്യാപകരെ ലക്ഷങ്ങള് വാങ്ങി കബളിപ്പിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവില് തട്ടിപ്പ് നടത്തുകയും ചെയ്ത കേസുകളിലെ പ്രതിയാണ് പ്രവീണ്. 406,420,34(ipc) വകുപ്പുകള് പ്രകാരമാണ് ഇയാൾക്കെതിരെ കേസ്. കൂരിക്കൂഴി, മച്ചാട്, പള്ളിക്കല് സ്കൂളുകളുടെ മാനേജറാണ് പ്രവീണ്. അധ്യാപകരില് നിന്ന് ലക്ഷങ്ങള് വാങ്ങിയാണ് പ്രവീണ് അനധികൃത നിയമനം നടത്തിയത്. 114 അധ്യാപകരെയാണ് പണം വാങ്ങിപ്പറ്റിച്ചത്. പത്ത് വര്ഷത്തോളം ജോലി ചെയ്യിപ്പിച്ച് ഒരു രൂപ കൊടുത്തില്ല. ഇവരില് നിന്നും വാങ്ങിയ ലക്ഷങ്ങളും തിരിച്ചുകൊടുത്തില്ല. പണം തിരിച്ചുചോദിച്ചാല് ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്കുന്നതായിരുന്നു പ്രവീണിന്റെ രീതി.

പ്രവീണിന്റെ തട്ടിപ്പ് സംബന്ധിച്ച് റിപ്പോര്ട്ടര് എസ്ഐടി സംഘം വാര്ത്ത പുറത്തുവിട്ടതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ആകെ 12 എഫ്ഐആര് കേസില് രജിസ്റ്റര് ചെയ്തിട്ടുണ്ട്. വലപ്പാട് അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിലും ഇയാള്ക്കെതിരെ കേസുകളുണ്ട്. 2009 മുതലാണ് പ്രവീണ് തട്ടിപ്പുകള് ആരംഭിച്ചത്. സര്ക്കാര് ഉദ്യോഗസ്ഥനായ വിസി പ്രവീണിന് ചട്ടത്തില് ഇളവ് വരുത്തി സ്കൂളുകള് വാങ്ങാന് അവസരം നല്കിയെന്നും കണ്ടെത്തലുണ്ട്. തട്ടിപ്പിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടായിരുന്നു.

വിദ്യാഭ്യാസ വകുപ്പും പ്രവീണിനെതിരെ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഇല്ലാത്ത 221 കുട്ടികളെ ഉണ്ടെന്ന് കാണിച്ച് സര്ക്കാരിനെ പറ്റിച്ചു. ഇതിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച റിപ്പോര്ട്ടര് വാര്ത്തയെ തുടര്ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി സംഭവത്തില് ഇടപെട്ടിരുന്നു. തട്ടിപ്പുകാരനെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്കി. റിപ്പോര്ട്ടറോടായിരുന്നു മന്ത്രിയുടെ ഉറപ്പ്.

പ്രവീണിനെതിരെ ആദ്യ പൊലീസ് കേസ് രജിസ്റ്റര് ചെയ്തത് 2010 ലായിരുന്നു. അധ്യാപരിൽ നിന്ന് ലക്ഷങ്ങള് വാങ്ങി പറ്റിച്ചെങ്കിലും പണം നേരിട്ട് കൈമാറിയതിനാല് തെളിവില്ലാത്തതിന്റെ പേരില് പരാതികളില് കേസ് എടുക്കാതെ പൊലീസ് മടക്കി. എന്നാല് എയിഡഡ് കൊള്ള എന്ന എസ്ഐടി പരമ്പരയിലൂടെ പ്രവീണിന്റെ കോടികളുടെ തട്ടിപ്പ് റിപ്പോര്ട്ടര് പുറത്തുകൊണ്ടുവന്നതോടെ പരാതികള് കൂട്ടത്തോടെ എത്തി. മെയ് 19നാണ് എയ്ഡഡ് കൊള്ളയിലെ ആദ്യവാര്ത്ത റിപ്പോര്ട്ടര് പുറത്തുവിട്ടത്.

'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന് വി സി പ്രവീണ് അറസ്റ്റില്, REPORTER BIG IMPACT
dot image
To advertise here,contact us
dot image