വിഷപ്പെരിയാർ; ഏലൂർ-ഇടയാർ മേഖലകളിലെ കാൻസർ ബാധിതരുടെ എണ്ണം ഞെട്ടിക്കുന്നത്

ഏലൂർ - ഇടയാർ മേഖലകളിൽ രോഗികളില്ലാത്ത ഒരു കുടുംബം പോലുമില്ല

dot image

കൊച്ചി: പെരിയാറിൻ്റെ ഇരുകരകളിലുമുള്ള വ്യവസായ ശാലകളിലെ അപകടകാരികളായ രാസമാലിന്യം ഒരു നാടിനെ മുഴുവൻ രോഗാതുരമാക്കിയിരിക്കുകയാണ്. ഏലൂർ-ഇടയാർ മേഖലകളിലെ കാൻസർ ബാധിതരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. മിക്ക കുടുംബങ്ങളിലും ആസ്മ രോഗികളുണ്ട്. അസ്ഥി-ഹൃദയ സംബന്ധമായ അസുഖം ബാധിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുന്നതായി പഠന റിപ്പോർട്ടുകൾ പറയുന്നു. ഏലൂർ സ്വദേശിനി അംബിക രോഗാതുരമായ ഒരു നാടിൻ്റെ പ്രതിനിധിയാണ്. വിഷം ചീറ്റുന്ന ഏലൂർ - ഇടയാർ മേഖലകളിൽ രോഗികളില്ലാത്ത ഒരു കുടുംബം പോലുമില്ല. ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളെല്ലാം ഇത്തരം രോഗികളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് മുന്നോട്ടു വയ്ക്കുന്നത്.

ഈ പ്രദേശങ്ങളിലെ രോഗബാധ സംബന്ധിച്ച് ഏലൂരുമായി ഭൂമിശാസ്ത്രപരമായ സാദൃശ്യമുള്ള പിണ്ടിമന പഞ്ചായത്തുമായി നടത്തിയ താരതമ്യപഠനത്തിൽ പിണ്ടിമനയെ അപേക്ഷിച്ച് 23 അസുഖങ്ങൾ എലൂരിൽ കൂടുതലെന്നായിരുന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. കാൻസറും ആസ്മയും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ 16 മടങ്ങ് വരെ അധികമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇവിടുത്തെ ജനങ്ങൾക്ക് ഏർപ്പെടുത്തിയെങ്കിലും ഒരു വർഷത്തിന് ശേഷം നിന്നു പോയി. പഠനസമിതിയിലെ അംഗം കൂടിയായ പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂർ ഇതിനായി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

പെരിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടർ ടിവി ശേഖരിച്ച വെള്ളം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപകടകരമാം വിധം രാസമാലിന്യങ്ങൾ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ്. കുഫോസിൻ്റെ പരിശോധനയിലും ഉയർന്ന അളവിൽ രാസമാലിന്യം കണ്ടെത്തി. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിശോധനയിൽ മാത്രം രാസമാലിന്യമില്ലാതെ പെരിയാറിന് ക്ലീൻ ചിറ്റാണ്. കുസാറ്റിലെ റിപ്പോർട്ടിൽ അപകടകാരിയായ അമോണിയയുടെ അളവ് ഒരു സാമ്പിളിൽ മാത്രം ലിറ്ററിൽ 60 മില്ലി ഗ്രാം ഉണ്ട്. നൈട്രേറ്റിൻ്റെ അളവ് 139.9 മില്ലി ഗ്രാം പെർ ലിറ്ററും സൾഫേറ്റിൻ്റെ അളവ് 14,297 മില്ലി ഗ്രാം പെർ ലിറ്ററും ഈ സാമ്പിളിൽ നിന്ന് കിട്ടി. മറ്റ് സാമ്പിളുകളുടെ ഫലമാകട്ടെ കുഫോസിലെ പരിശോധനാ ഫലത്തിനൊപ്പം നിൽക്കുന്നു. കുഫോസിൽ സൾഫേറ്റ് ലിറ്ററിൽ 176.9 മില്ലി ഗ്രാമും അമോണിയ ലിറ്ററിൽ 3.296 മില്ലി ഗ്രാമുമാണ്. സൾഫേറ്റും കാൽസ്യവും വളരെ ഉയർന്ന അളവിൽ തന്നെ. എന്നാൽ ഇതേ ഭാഗത്ത് നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച് പരിശോധിച്ച വെള്ളം പരിശുദ്ധമെന്നാണ് റിപ്പോർട്ട്.

എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് വ്യവസായശാലകൾ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നത്. എട്ട് കമ്പനികൾക്ക് മാത്രമാണ് സംസ്കരിച്ച മലിനജലം നിർദ്ദിഷ്ട അളവിൽ പെരിയാറിലേക്ക് ഒഴുക്കാനുള്ള അനുവാദം. എന്നാൽ എല്ലാ ഫാക്ടറികളും നിർബാധം രാസമാലിന്യം ഒഴുക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ഇതിന് മൗനാനുവാദം നൽകുകയും ചെയ്യുന്നു. ഇടയാർ - ഏലൂർ മേഖലകളിൽ പെരിയാറിൻ്റെ ഇരുഭാഗത്തും ഫാക്ടറികളിൽ നിന്ന് രാസമാലിന്യം പെരിയാറിലേക്കൊഴുക്കുന്ന അനധികൃത ഔട്ട് ലറ്റുകൾ കാണാം. അപകടകാരിയായ രാസമാലിന്യങ്ങളാണ് ഇതിലൂടെ പുഴയിലേക്ക് ഒഴുകി വീഴുന്നത്. മാലിന്യക്കുഴലുകളും ഇവിടെ നിരവധിയുണ്ട്. ഇതിലും എത്രയോ അധികമാണ് പുഴയുടെ താഴെതട്ടിലേക്ക് നേരേ മാലിന്യമൊഴുക്കുന്ന ഔട്ട്ലറ്റുകൾ. പെരിയാറിൻ്റെ ഇരുകരകളിലുമുള്ള വ്യവസായശാലകളിൽ ഒന്നിൽ പോലും മാലിന്യ സംസ്കരണ യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന് 2016ൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ച് ദേശീയ ഹരിത ട്രിബൂണലിന് റിപ്പോർട്ട് സമർപ്പിച്ചതാണ്. വർഷം 8 കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us