കോട്ടയം: തങ്ങളുടെ പരമ്പരാഗത വോട്ടുകള് യുഡിഎഫിനും എന്ഡിഎയ്ക്കുമായി പോയെന്ന വിലയിരുത്തലില് കേരള കോണ്ഗ്രസ് എം. ഇത് കാരണമാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില് തങ്ങള് മുന്നിലായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില് പിന്നോട്ടുപോയതെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന് ചേര്ന്ന പാര്ട്ടി പാര്ലമെന്റി യോഗം വിലയിരുത്തി.
കര്ഷകരും ന്യൂനപക്ഷങ്ങളും വലിയ തോതില് യുഡിഎഫിലേക്കും എന്ഡിഎയിലേക്കും ചാഞ്ഞു. നെല്, റബ്ബര് കര്ഷകര് ഉന്നയിക്കുന്ന പ്രശ്നങ്ങള് സമയബന്ധിതമായി തീര്ക്കാന് സാധിച്ചില്ല. വര്ഷങ്ങളായി മലയോര കര്ഷകര് ഉന്നയിച്ച ഭൂപ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താന് പാര്ട്ടിക്കായില്ല. ഈ പ്രശ്നങ്ങള് ഓരോ ദിവസവും സങ്കീര്ണ്ണമാവുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
നിയമസഭ തിരഞ്ഞെടുപ്പില് കേരള കോണ്ഗ്രസ് എം വിജയിച്ച ചങ്ങനാശേരി, പൂഞ്ഞാര്, കാഞ്ഞിരപ്പള്ളി, റാന്നി, ഇടുക്കി എന്നീ നിയമസഭ മണ്ഡലങ്ങളില് വളരെ ദയനീയമായ പ്രകടനമാണ് കേരള കോണ്ഗ്രസ് എം കാഴ്ചവെച്ചത്. പാര്ട്ടി മത്സരിച്ച മറ്റ് ഏഴ് നിയോജക മണ്ഡലങ്ങളിലും സമാനമായിരുന്നു പ്രകടനം. കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പ് തങ്ങളുടെ വോട്ട് ശതമാനം ഉയര്ത്തുകയും നിയമസഭ തിരഞ്ഞെടുപ്പില് വിജയിച്ച രണ്ട് നിയമസഭ മണ്ഡലങ്ങളിലും ലീഡ് നേടാന് കഴിഞ്ഞിരുന്നു.